കരീമഠം സ്കൂളും തുറന്നു
1569915
Tuesday, June 24, 2025 5:18 AM IST
അയ്മനം: വെള്ളപ്പൊക്കത്തെത്തുടർന്ന് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന അയ്മനം പഞ്ചായത്തിലെ കരീമഠം വെൽഫെയർ യുപി സ്കൂളും തുറന്നു. ഇന്നലെ സ്കൂളിൽ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പാടശേഖരത്തിന്റെ പുറംബണ്ടിൽ സ്ഥിതിചെയ്യുന്ന കരീമഠം ഗവൺമെന്റ് വെൽഫെയർ യുപി സ്കൂൾ വെള്ളപ്പൊക്കത്തെത്തുടർന്ന് തുറക്കാൻ സാധിച്ചിരുന്നില്ല. സ്കൂൾ തുറക്കാൻ കഴിയാത്തതു സംബന്ധിച്ച് സ്കൂൾ അധികൃതരും വിദ്യാർഥികളും കളക്ടറെ നേരിട്ടു കണ്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ പഞ്ചായത്ത്, പാടശേഖരസമിതി എന്നിവരുടെ യോഗം വിളിച്ചുചേർത്തു പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ അധ്യക്ഷതയിൽ പാടശേഖര ഭാരവാഹികളുടെയും സ്കൂൾ, കൃഷിവകുപ്പ് അധികൃതരുടെയും സംയുക്ത യോഗം ചേർന്ന് പാടശേഖരത്തിലെ വെള്ളം വറ്റിച്ച് സ്കൂൾ തുറക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം.എസ്. ദീപക്, പാക്കിൽ സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ സൽക്കലാ വാസുദേവ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡോ. സ്വാമി, സൽകല വാസുദേവ്, എം.എസ്. ദീപക്, വി.എം. സാബു, ശില്പ മനോജ്, സി.കെ. സിന്ധു, പിടിഎ പ്രസിഡന്റ് മായാ മനോജ് എന്നിവർ പ്രസംഗിച്ചു.