അങ്കണവാടികളിൽ ബയോ കമ്പോസ്റ്റര്‍ ബിന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ
1569813
Monday, June 23, 2025 11:36 PM IST
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിലെ മുഴുവന്‍ അങ്കണവാടികളിലും ബയോ കമ്പോസ്റ്റര്‍ ബിന്‍ നല്‍കും. ഉറവിട മാലിന്യ സംസ്കരണത്തിനായുള്ള ഉപകരണമാണ് ബയോ കമ്പോസ്റ്റര്‍ ബിന്‍. ഭരണങ്ങാനം, കടനാട്, കരൂര്‍, മീനച്ചില്‍ എന്നീ നാല് പഞ്ചായത്തുകളാണ് ഭരണങ്ങാനം ഡിവിഷനില്‍ ഉള്ളത്. ഇതില്‍ കരൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ നേരത്തേ ബിന്‍ നല്‍കിയിരുന്നു.
നാളെ വൈകുന്നേരം നാലിന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി, അനസ്യ രാമന്, സോജന് തൊടുക, ജിജി തമ്പി, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ ജിനു മേരി ബെഞ്ചമിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉറവിട മാലിന്യ സംസ്കരണത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണങ്ങാനം, കടനാട്, മീനച്ചില്‍ പഞ്ചായത്തുകളിലെ 485 വീടുകളില്‍ ജി-ബിന്നും റിംഗ് കമ്പോസ്റ്റും നല്‍കിയിരുന്നു. ഭരണങ്ങാനം ഡിവിഷനില്‍ മാലിന്യ സംസ്കരണത്തിനും ശുചിത്വ പദ്ധതികള്‍ക്കുമായി 1.10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയതായി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.