കടുത്തുരുത്തി പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ്ദാനവും 26ന്
1569903
Tuesday, June 24, 2025 5:18 AM IST
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡുദാന സമ്മേളനവും 26ന് നടക്കും. മൂന്നിന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിക്കും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും. സിനിമാതാരങ്ങളായ ഷെയ്ന് നിഗം, രമേഷ് പിഷാരടി, ദിലീഷ് പോത്തന്, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ പ്രസംഗിക്കും.
യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് നല്കി അനുമോദിക്കും. നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പുരസ്കാരം സമ്മാനിക്കും. 1500 ലധികം പേരെ യോഗത്തില്‍ ആദരിക്കും.
പാലാ ബ്രില്യന്റ് ഡയറക്ടര്‍ ജോര്‍ജ് തോമസ്, സിനിമാ നിര്‍മാതാക്കളായ ലിസ്റ്റിന് സ്റ്റീഫന്‍, സന്തോഷ് ടി. കുരുവിള, യുവസംവിധായകന് ബിന്റോ സ്റ്റീഫന്‍, ഹോളിവുഡ് നടന് സിറിയക് ആലഞ്ചേരി, ഏഷ്യാനെറ്റ് ബിഗ്ബോസ് ഫെയിം അര്ജുന് ശ്യാം ഗോപന്, മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2024 ഹര്‍ഷ ശ്രീകാന്ത്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഷിജി അന്ന ജോസഫ്, പിന്നണി ഗായിക മരിയ മാത്യു കോലടി എന്നിവര്‍ക്ക് പ്രതിഭാപുരസ്കാരം സമ്മാനിക്കും.
കടുത്തുരുത്തിയില്‍ മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് സ്ഥാപിച്ച എന്‍.കെ. കുര്യന്, 120 തവണ രക്തദാനം നല്കി മാതൃക കാണിച്ച ഷിബു തെക്കേമറ്റം, ദേശീയ-സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് വിധു രാജീവ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി നിയമിതനായ സിബി ഇ.പി., ഓള് ഇന്ത്യാതലത്തില്‍ 2025 നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. അഞ്ജു ആന്‍ മാത്യു, കോട്ടയം ചൈൽഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് റവ. ഡോ. അരുണ്‍ കുര്യന് എന്നിവര്‍ക്ക് സ്പെഷല്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.