തലചായ്ക്കാനൊരിടം പദ്ധതി ഗവർണർ ഉദ്ഘാടനം ചെയ്തു
1569804
Monday, June 23, 2025 11:36 PM IST
കൂട്ടിക്കൽ: തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമൈതാനിയിൽ നടന്ന ചടങ്ങിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് രശ്മി ശരത് അധ്യക്ഷത വഹിച്ചു. വാഴൂർ തീർഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഢധ്വജാനന്ദതീർഥ പാദസ്വാമി മുഖ്യാതിഥിയായി. ആർഎസ്എസ് ദക്ഷിണകേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത് വിജയഹരി, ജില്ലാ ജനറൽ സെക്രട്ടറി കെ.ജി. രാജേഷ്, ഇൻഫോസിസ് വൈസ് പ്രസിഡന്റ് സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
പന്ത്രണ്ടു വീടുകളാണ് സേവാഭാരതി നിർമിച്ചത്. ഇതിൽ നാല് വീടുകളുടെ താക്കോൽദാനം മുന്പ് നടന്നിരുന്നു. ശേഷിച്ച എട്ടു വീടുകൾ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം വാങ്ങിയാണ് നിർമിച്ചു നൽകിയത്.