കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പേവാര്‍ഡ് നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്
1570276
Wednesday, June 25, 2025 7:06 AM IST
കുറവിലങ്ങാട്: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റി അത്യാഹിത വിഭാഗം, പേവാര്‍ഡ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അത്യാഹിത വിഭാഗത്തിന്റെയും പേവാര്‍ഡിന്റെയും നിര്‍മാണം.
35 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ മുകളിലായിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. രോഗികള്‍ക്കായി എട്ട് മുറികളും അതോടൊപ്പം ശുചിമുറിയുമാണ് ഇവിടെ സജ്ജമാക്കുന്നത്. 2217 ചതുരശ്ര അടിയിലാണ് നിര്‍മാണം. നിലവില്‍ പേ വാര്‍ഡിന്റെ പെയിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 പദ്ധതികളുടെ ഭാഗമായാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ നിര്‍മാണം നടന്നുവരുന്നത്. മൂന്നു കോടി രൂപ ചെലവില്‍ 10,838 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. നിര്‍മിതിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
അത്യാഹിത വിഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍നിന്നുള്ള ഒരു കോടി രൂപ ചെലവില്‍ 2485 ചതുരശ്ര അടിയില്‍ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിര്‍മിക്കുന്നുണ്ട്. പൊതുമരാമത്തുവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം.