ഭരണാധികാരികള്‍ മാരക ലഹരിക്കെതിരേ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്
1570568
Thursday, June 26, 2025 11:31 PM IST
പാലാ: ഭരണാധികാരികള്‍ മാരക ലഹരികള്ക്കെതിരേ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. മദ്യമയക്കുമരുന്ന് സംസ്കാരം മനുഷ്യന്റെ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. മയക്കുമരുന്നുകളുടെ സ്വാധീനം സംസ്ഥാനത്ത് ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ച് പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും ബിഷപ് പറഞ്ഞു.
രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി സി. കാപ്പന് എംഎല്‍എ, ഫാ. ജേക്കബ് വെള്ളമരുതുങ്കല്, പ്രിന്‍സിപ്പല്‍ റവ. ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, സാബു ഏബ്രഹാം, എക്സൈസ് ഇന്‍സ്പെക്ടര്‍ ജെക്സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളായ ലഹരിവിരുദ്ധ പരിപാടികള്‍ ആസൂത്രണം ചെയതിട്ടുണ്ട്. സമ്മേളനങ്ങള്‍, സെമിനാറുകള്‍, കോര്‍ണര്‍ യോഗങ്ങള്‍, തൊഴില്‍ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ പ്രതിജ്ഞാ പരിപാടികള്‍, ലഘുലേഖകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം എന്നിവ നടത്തും.