ഏഴാച്ചേരി മൈലയ്ക്കല്‍ പാലം അപകടാവസ്ഥയില്‍
1571108
Sunday, June 29, 2025 2:32 AM IST
രാമപുരം: പഞ്ചായത്തിലെ ജിവി സ്കൂള്‍ ഏഴാം വാര്‍ഡിനെയും കടനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മൈലയ്ക്കല്‍ പാലം അപകടാവസ്ഥയില്‍.
ളാലം തോടിന് കുറുകെയുള്ള ഈ പാലത്തിലൂടെ നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും നൂറുകണക്കിന് വാഹനങ്ങളും ദിവസേന കടന്നുപോകുന്നുണ്ട്. പാലത്തിന്റെ കൈവരിയും അപ്രോച്ച് റോഡും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിത്തീര്ന്നിരിക്കുകയാണ്. പാലത്തിന്റെ സംരക്ഷണഭിത്തി വാഹനങ്ങള്‍ കയറുന്നതിനനുസരിച്ച് തോട്ടിലേക്ക് ഇടിയുന്നുണ്ട്. മഴ കനത്തതോടെ തോട്ടിലെ ജലനിരപ്പും വലിയതോതില്‍ ഉയര്‍ന്നു. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിച്ചാല്‍ പാലത്തിന്റെ സംരക്ഷണഭിത്തി തോട്ടിലേക്ക് ഇടിഞ്ഞുതാഴാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഏഴാച്ചേരി ഹോമിയോ ഡിസ്പെന്‍സറി, അങ്കണവാടി, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ നിരവധി ആളുകള്‍ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വഴിയും ഇതാണ്. പ്രശ്നപരിഹാരത്തിനായി അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.