അദാലത്തിൽ ഒന്‍പത് പരാതികൾ തീർപ്പാക്കി
1571327
Sunday, June 29, 2025 6:59 AM IST
കോട്ടയം: സംസ്ഥാന യുവജന കമ്മീഷന് ജില്ലാ അദാലത്തില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന് ചെയര്മാന് എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിലെ തൂലിക ഹാളില്‍ നടന്ന അദാലത്തില്‍ 20 കേസുകളാണു പരിഗണിച്ചത്. 11 എണ്ണം അടുത്ത സിറ്റിംഗിലേക്കു മാറ്റി.
മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ചങ്ങനാശേരി സ്വദേശിയായ വിദ്യാര്‍ഥിയുടെ എസ്എല്‍എസ്സി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ കമ്മീഷന് ഇടപ്പെട്ടു.
ഇന്റേണ്‍ഷിപ്പ് ചെയ്തില്ലെന്ന കാരണത്താലാണ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞതെന്നുള്ള സ്ഥാപനത്തിന്റെ മറുപടി കമ്മീഷന് തള്ളി. ആ കാരണത്താല്‍ എസ്എല്‍എസ്സി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിക്ക് ലഭ്യമാക്കാനും കമ്മീഷന് ഉത്തരവിട്ടു.
കമ്മീഷന് അംഗം അബേഷ് അലോഷ്യസ്, കമ്മീഷന് സെക്രട്ടറി ഡി. ലീന ലിറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, ലീഗല്‍ അഡ്വൈസര്‍ ബാലമുരളി, കമ്മീഷന് അസിസ്റ്റന്റ് അഭിഷേക് പി. നായര്‍ എന്നിവര്‍ പങ്കെടുത്തു.