ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം
1571116
Sunday, June 29, 2025 2:32 AM IST
കോട്ടയം: ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ഇന്നലെ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്നും നാലു കിലോ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.
കോട്ടയം അഡീഷണൽ എസ്പി എ.കെ. വിശ്വനാഥൻ, ചിങ്ങവനം ഇൻസ്പെക്ടർ വി.എസ്. അനിൽകുമാർ, മുൻ ചിങ്ങവനം ഇൻസ്പെക്ടർ എസ്. ബിനു, കോട്ടയം വെസ്റ്റ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.സി. സന്തോഷ്, ചങ്ങനാശേരി സ്റ്റേഷൻ എസ്സിപിഒ തോമസ് സ്റ്റാൻലി, കോട്ടയം സ്പെഷൽ ബ്രാഞ്ച് എസ് സിപിഒ ശ്യാം എസ്. നായർ, ചങ്ങനാശേരി ട്രാഫിക് സിപിഒ എം.എ. നിയാസ്, കോട്ടയം ക്രൈംബ്രാഞ്ച് സിപിഒ പി.എ. സതീഷ്കുമാർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. 2023 ഓഗസ്റ്റിലാണ് ചിങ്ങവനത്തെ സ്വകാര്യപണമിടപാടു സ്ഥാപനത്തിൽ മോഷണം നടന്നത്.