അന്തർസർവകലാശാലാ സ്പോർട്സ് ചാന്പ്യൻഷിപ്: കോളജുകളെയും വിദ്യാർഥികളെയും ആദരിക്കൽ നാളെ
1571325
Sunday, June 29, 2025 6:59 AM IST
അതിരമ്പുഴ: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാലാ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയ വിദ്യാര്‍ഥികളെയും കായികമേഖലയില്‍ മികവു പുലര്‍ത്തിയ കോളജുകളെയും എംജി യൂണിവേഴ്സിറ്റി നാളെ ആദരിക്കും. രാവിലെ 10.30ന് സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും.
രാജ്യാന്തര മുന്‍ കായികതാരങ്ങളായ ഷൈനി വിത്സണും വിത്സന് ചെറിയാനും വിശിഷ്ടാതിഥികളായി പങ്കെടുക്കും. സിന്‍ഡിക്കറ്റ് അംഗം റെജി സഖറിയ മുഖ്യപ്രഭാഷണം നടത്തും. സിന്‍ഡിക്കറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്, ഡോ. ബിജു തോമസ്, ഡോ. ജോജി അലക്സ്, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്,
സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, സര്‍വകലാശാലാ യൂണിയന് ചെയര്‍പേഴ്സണ്‍ എം.എസ്. ഗൗതം, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോസ് സേവ്യര്‍, കെ.കെ. സ്വാതി എന്നിവര്‍ പ്രസംഗിക്കും.