ഉഴവൂർ കോളജ് വോളി: മാള ഹോളിഗ്രെയ്സും ചങ്ങനാശേരി അസംപ്ഷനും ജേതാക്കൾ
1592438
Wednesday, September 17, 2025 11:32 PM IST
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജിന്റെ നേതൃത്വത്തിലുള്ള ഇന്റർ കൊളീജിയറ്റ് വോളിബോളിൽ പുരുഷ വിഭാഗത്തിൽ മാള ഹോളിഗ്രെയ്സ് കോളജും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജും ജേതാക്കളായി.
22-25, 25-23, 25-22, 27-25 എന്ന സ്കോറിന് എസ്എൻജി കോളജ് ചേലന്നൂരിനെ തോൽപ്പിച്ചാണ് ഹോളിഗ്രെയ്സ് കോളജ് 35-ാമത് ബിഷപ് തറയിൽ മെമ്മോറിയൽ ട്രോഫിയിൽ മുത്തമിട്ടത്. പാലാ അൽഫോൻസ കോളജിനെ നേരിട്ടുള്ള ഗെയിമുകൾക്ക് അടിയറവു പറയിച്ചാണ് അസംപ്ഷൻ കോളജ് വനിതാ വിഭാഗത്തിൽ സിസ്റ്റർ ഗോരേത്തി മെമ്മോറിയൽ ട്രോഫി നേടിയത്. സ്കോർ: 25-22, 25-22, 25-16.
സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥിയും വോളിബോൾ മുൻ ദേശീയതാരവുമായിരുന്ന പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജിജോ ജോർജ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.എം. തങ്കച്ചൻ, മുൻ പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യൂസ്, ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ, കായികവിഭാഗം മേധാവിയും ടൂർണമെന്റ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഇന്നും നാളെയുമായി 18-ാമത് ബിഷപ് കുന്നശേരി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും പത്താമത് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ടൂർണമെന്റും നടക്കും.