വേമ്പനാട്ട് കായലില്‍ മത്സ്യ കണക്കെടുപ്പും പരിസ്ഥിതി സര്‍വേയും 26ന്
1592457
Wednesday, September 17, 2025 11:32 PM IST
കോട്ടയം: അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലില്‍ 26ന് വാര്‍ഷിക മത്സ്യ കണക്കെടുപ്പ് നടത്തും. മത്സ്യ ഇനങ്ങള്‍, മത്സ്യ ലഭ്യത എന്നിവ സംബന്ധിച്ച് പരിസ്ഥിതി സംഘടനകളായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, കമ്യൂണിറ്റി എന്വയണ്മെന്റല് റിസര്‍ച്ച് എന്നിവ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ സഹായത്തോടെയാണു കണക്കെടുക്കുന്നത്.
ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേ. 26ന് വൈകുന്നേരം തണ്ണീര്‍മുക്കം കെടിഡിസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടും കണ്ടെത്തലുകളും അവതരിപ്പിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും.
വേമ്പനാട്ട് കായലില്‍ മത്സ്യ ഇനങ്ങള്‍ വര്‍ധിച്ചതായാണു കഴിഞ്ഞ സര്‍വേ വ്യക്തമാക്കുന്നത്. 2023ല്‍ 41 ഇനം മത്സ്യങ്ങളെ കണ്ടെത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 85 ഇനങ്ങളെ കണ്ടെത്തി. ഇവയില്‍ 71 ഇനം ചിറകുമത്സ്യങ്ങളും 11 ഇനം തോടുമത്സ്യങ്ങളും ഉള്‍പ്പെടും.
അതേസമയം മത്സ്യലഭ്യതയിലും മത്സ്യങ്ങളുടെ തൂക്കത്തിലും കുറവുവന്നു. 500-600 ഗ്രാം തൂക്കം ലഭിച്ചിരുന്ന ആറ്റുകൊഞ്ചിന്റെ ശരാശരി തൂക്കം 300 ഗ്രാമിലേക്കു കുറഞ്ഞു.
കായല്‍ മലിനീകരണമാണു തൂക്കവും ലഭ്യതയും കുറയാന്‍ കാരണം. വിവിധയിനം വലകള്‍ ഉപയോഗിച്ചു നടത്തിയ കണക്കെടുപ്പില്‍ ഏറ്റവും ഇനങ്ങള്‍ ലഭിച്ചത് അറിഞ്ഞില്, പരല്‍ ഇനങ്ങളാണ്.
കുട്ടനാട് ആര് ബ്ലോക്കില്‍ പുല്ലന് മത്സ്യം കൂടുതലായി കണ്ടെത്തിയിരുന്നു. മത്സ്യ സര്‍വേയ്ക്കു പുറമെ വെള്ളത്തിന്റെ ഗുണമേന്മ, താപനില, മലിനീകരണ തോത്, കളകള്‍, ജൈവസമ്പത്ത് തുടങ്ങിയവയുടെ കണക്കെടുപ്പും നൂറംഗ സംഘം നടത്തും.