റോഡ് നന്നാക്കാത്തതിനെതിരേ പെരുവയില്‍ വ്യാപാരികളുടെ സമരം
1592019
Tuesday, September 16, 2025 5:53 AM IST
പെരുവ: തകര്‍ന്നുകിടക്കുന്ന പെരുവ-പിറവം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. മാസങ്ങളായി പെരുവ മുതല്‍ വടുകുന്നപ്പുഴ വരെയുള്ള ഭാഗം റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത നിലയിലാണ് റോഡുള്ളത്.
പൊടിശല്യവും അഴുക്കുവെള്ളം തെറിക്കുന്നതും ഒഴിവാക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിയാണ് ഇവിടെയുള്ളതെന്നു വ്യാപാരികള്‍ പറയുന്നു.
പെരുവ കവലയില്‍ നടന്ന പ്രതിഷേധ സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രാജുമോന് പഴേമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ തോമസ് ചെറിയാന്, ബേബി ജോര്‍ജ്, സാജു ജോസഫ്, പി.കെ. മോഹന്‍ദാസ്, ടി.എം. രാജന്, സുധാ സുശീലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.