ഫോറസ്റ്റ് കെട്ടിടം വെറുതേകിടന്നു നശിക്കുന്നു ; വനം ഉദ്യോഗസ്ഥരേ തിരിച്ചുവരൂ!
1591892
Monday, September 15, 2025 11:45 PM IST
കൂട്ടിക്കൽ: കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യത്തിൽ ജനം വലയുന്പോഴും പ്രതിരോധം തീർക്കേണ്ട വനംവകുപ്പിന്റെ ഓഫീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ.
ഇവിടെ ഫോറസ്റ്റ് സ്റ്റേഷൻ സജീവമായി പ്രവർത്തിച്ചാൽ വന്യമൃഗശല്യം പ്രതിരോധിക്കാൻ വലിയ സാധ്യതകൾ ഉണ്ടായിട്ടും ഈ സംവിധാനങ്ങൾ വനംവകുപ്പ് ഉപയോഗിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നാശത്തിന്റെ വക്കിൽ
കൂട്ടിക്കൽ ടൗണിനു സമീപം വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും കെട്ടിടവുമാണ് വെറുതെ കിടന്നു നശിക്കുന്നത്. വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ വനംവകുപ്പിന്റെ പ്രവർത്തനം തുടങ്ങിയത്. കൊക്കയാർ, ഉറുമ്പിക്കര അടക്കമുള്ള മേഖലയിലെ വനസംരക്ഷണത്തിനായിട്ടായിരുന്നു ഓഫീസ്. എന്നാൽ, പിന്നീട് പ്രദേശത്തു ജനവാസം കൂടുകയും വനസാന്ദ്രത കുറയുകയും ചെയ്തതോടെ ഫോറസ്റ്റ് ഓഫീസിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് ഇതു വനംജീവനക്കാർക്കുള്ള ക്വാർട്ടേഴ്സാക്കി മാറ്റി. 2014 വരെ ഇവിടെ ജീവനക്കാർ താമസിച്ചിരുന്നു. പിന്നീട് ആരും ഉപയോഗിക്കാതായി.
11 വർഷമായി ഉപേക്ഷിക്കപ്പെട്ടതോടെ കാടുകയറി കെട്ടിടം പൂർണമായും നാശത്തിന്റെ വക്കിലെത്തി. വളപ്പിൽ വൻ മരങ്ങളുണ്ട്. ഇതു സമീപവാസികൾക്കു സുരക്ഷാഭീഷണിയും ഉയർത്തുന്നുണ്ട്. ഇവിടെ തന്പടിച്ചിരിക്കുന്ന ഇഴജന്തുക്കൾ സമീപവാസികൾക്കു വലിയ ശല്യമാണ്.
വന്യമൃഗശല്യം
പെരുകുന്നു
കൂട്ടിക്കൽ പഞ്ചായത്തിന്റെ മ്ലാക്കരയിൽ ഏതാനും മാസങ്ങൾക്കു മുമ്പ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കൊക്കയാർ പഞ്ചായത്തിന്റെ ഉറുമ്പിക്കര, മേലോരം, മുക്കുളമടക്കമുള്ള പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കൂട്ടിക്കൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികളും പെരുകി.
വെറുതേ കിടക്കുന്ന കെട്ടിടത്തിൽ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് സ്ഥാപിച്ചാൽ വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ വകുപ്പിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നു നാട്ടുകാർ പറയുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമോ ആക്രമണമോ ഉണ്ടായാൽ നിലവിൽ കിലോമീറ്ററുകൾ ദൂരെയുള്ള വണ്ടൻപതാലിൽനിന്നു വേണം ഉദ്യോഗസ്ഥർ എത്താൻ.
ഇതു പലപ്പോഴും പ്രയോജനം ചെയ്യാറില്ല. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങുമ്പോൾത്തന്നെ ഉദ്യോഗസ്ഥർക്ക് എത്താൻ സാധിച്ചാൽ വന്യമൃഗങ്ങളെ കുറച്ചെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്നു നാട്ടുകാർ പറയുന്നു.