ക്ഷേത്രനഗരിയെ അമ്പാടിയാക്കി മഹാശോഭായാത്ര
1591856
Monday, September 15, 2025 7:06 AM IST
വൈക്കം: ഉണ്ണിക്കണ്ണന്മാരും ഗോപികമാരും രാജവീഥിയിൽ നിറഞ്ഞാടിയപ്പോൾ ക്ഷേത്രനഗരി അമ്പാടിയായി. താളമേളങ്ങളുടെയും ആരവങ്ങളുടെയും ഉത്സവലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദനിർവൃതി നേടാൻ നഗരവീഥികളിൽ നൂറുകണക്കിനു ഭക്തരുമെത്തിയിരുന്നു. വൈക്കത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടെ ആഘോഷിച്ചു.
ഗംഗ എന്ന നാമത്തിലുള്ള ശോഭായാത്ര ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർഥസാരഥീ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കിഴക്കേനട വഴി വൈക്കംവലിയ കവലയിലെത്തി. യമുനയെന്ന പേരിലുള്ള ശോഭായാത്ര തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് അയ്യർകുളങ്ങര, കാളിയമ്മനട എന്നിവിടങ്ങളിൽനിന്നു വന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി.
സരസ്വതി എന്ന പേരിലുള്ള ശോഭായാത്ര ഉദയനാപുരം ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വലിയകവലയിൽ എത്തി. ഗോദാവരി എന്ന പേരിലുള്ള ശോഭായാത്ര പോളശേരി ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി.
നർമദ എന്ന പേരിലുള്ള ശോഭായാത്ര വടക്കേനടയിലെ വിശ്വഹിന്ദു പരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു. സിന്ധു എന്നറിയപ്പെടുന്ന ശോഭായാത്ര ചാലപ്പറമ്പിൽനിന്ന് ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി വലിയ കവലയിൽ എത്തി.
ശോഭായാത്രകൾ വലിയ കവലയിൽ സംഗമിച്ചതോടെ മഹാശോഭായാത്ര ആരംഭിച്ചു. മുൻ ഡിജിപി ഡോ. ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി, ബോട്ട് ജട്ടി, കച്ചേരിക്കവല, പടിഞ്ഞാറെനട വഴി വൈക്കം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ മഹാശോഭായാത്ര സമാപിച്ചു. വൈക്കം താലൂക്ക് ആഘോഷ പ്രമുഖ് കെ.ഡി. സന്തോഷ്, സഹപ്രമുഖ് എം. മനോജ് പ്രസിഡന്റ് കെ. ശിവപ്രസാദ്, കാര്യദർശി പ്രിയ ഗിരിഷ് എന്നിവർ നേതൃത്വം നല്കി.