പുഞ്ചവയൽ 504 ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതിക്ക് ഒരു കോടിയുടെ ഭരണാനുമതി
1591384
Saturday, September 13, 2025 11:31 PM IST
മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയായ കോരുത്തോട് പഞ്ചായത്തിലെ പുഞ്ചവയൽ 504ൽ അടിസ്ഥാന സൗകര്യ വികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ പട്ടികജാതി വികസനവകുപ്പിൽനിന്ന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
മുന്നൂറിലധികം കുടുംബങ്ങൾ അധിവസിക്കുന്ന ഈ ഉന്നതിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി ഗവൺമെന്റിൽ സമർപ്പിക്കുകയും തുടർന്ന് മന്ത്രി ഒ.ആർ. കേളുവുമായി ചർച്ച നടത്തി ഫണ്ട് അനുവദിപ്പിക്കുകയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
ഉന്നതിയിൽ ഭവന പുനരുദ്ധാരണം, വിവിധ സംരക്ഷണഭിത്തികളുടെ നിർമാണം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ, ജലവിതരണ പദ്ധതി, മറ്റ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്.