ക​ടു​ത്തു​രു​ത്തി: ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ രക്ഷകരായി. വ​ട​യാ​ര്‍ ഭൂ​ത​ങ്കേ​രി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന തു​റ​യി​ല്‍ എ​സ്. സ​നീ​ഷിനെ (39) ആ​ണ് ബ​സ് ക​ണ്ട​ക്ട​റാ​യ മ​ധു​ര​വേ​ലി വ​ട​ക്കേ​ച്ചി​റ​യി​ല്‍ വി.​ടി. വി​നാ​യ​ക​ന്‍റെ​യും ഡ്രൈ​വ​ര്‍ മാ​ന്‍​വെ​ട്ടം കു​ഴു​പ്പി​ല്‍ ലെ​യ്സ​ണ്‍ കെ. ​സൈ​മ​ണി​ന്‍റെ​യും സ​മ​യോ​ചി​ത​ ഇ​ട​പെ​ട​ൽ ര​ക്ഷ​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് വ​ട​യാ​ര്‍ പൊ​ട്ട​ന്‍​ചി​റ​യി​ല്‍​നി​ന്ന് സ​നീ​ഷ് വൈ​ക്കം-​ക​ല്ല​റ-​കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വ​ന്ദ​ന ബ​സി​ല്‍ ക​യ​റി. ശ്വാ​സത​ട​സമു​ണ്ടായതിനെത്തു ടർന്ന് സനീഷ് ഉടൻ കു​ഴ​ഞ്ഞു വീ​ഴു​ക​യായി​രു​ന്നു. അ​പ​സ്മാ​രമാ​ണ​ന്നു ക​രു​തി താ​ക്കോ​ല്‍ ഉ​ള്‍പ്പെ​ടെ കൈ​യില്‍ ന​ല്‍​കി​യി​ട്ടും ശ​മ​ന​മി​ല്ലാ​തെ സ​നീ​ഷ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഉ​ട​ന്‍​ത​ന്നെ ക​ണ്ട​ക്ട​ര്‍ വി​നാ​യ​ക​ന്‍ അ​ടു​ത്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് ബ​സ് പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ക്ലി​നി​ക്കി​ന് മു​മ്പി​ല്‍ ബ​സ് നി​ര്‍​ത്തി ജീ​വ​ന​ക്കാ​രും ക​ടു​ത്തു​രു​ത്തി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സനീഷിനെ താ​ങ്ങി​യെ​ടു​ത്ത് ഇ​വി​ടെ എ​ത്തി​ച്ചെ​ങ്കി​ലും ഈ ​സ​മ​യം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. വീ​ണ്ടും ബ​സി​ല്‍ സനീഷു​മാ​യി ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അകലെയുള്ള ത​ല​യോ​ല​പ്പ​റ​മ്പ് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി. ഇ​തി​നി​ട​യി​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്താ​തെ​യാ​ണ് ബ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ​നീ​ഷി​നെ ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ​ത്തി​ച്ചു. സം​ഭ​വ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ.​ കാ​ത​റി​ന്‍ റീ​ത്ത ഡേ​വീ​സും ന​ഴ്സ് രാ​ഖി​യും ചേ​ര്‍​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. അ​പ​സ്മാ​ര​ത്തി​ന്‍റെ ല​ക്ഷ​ണം കാ​ണി​ച്ച​തി​നാ​ല്‍ സനീഷിന് കു​ത്തി​വ​യ്പ് ന​ല്‍​കി.

രോ​ഗി​യു​ടെ വി​വ​രം തി​ര​ക്കി 10 മി​നി​ട്ടി​ല​ധി​കം പു​റ​ത്തു കാ​ത്തു​നി​ന്ന ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും സ​നീ​ഷി​ന് ആ​ശ്വാ​സ​മാ​യി എ​ന്ന​റി​ഞ്ഞ​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു പോ​യ​ത്.

ന​ല്ല തി​ര​ക്കു​ള​ള സ​മ​യ​മാ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന്നു​ള്ള സ്റ്റോ​പ്പു​ക​ളി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ ബ​സ് കോ​ട്ട​യ​ത്തേ​ക്ക് യാ​ത്ര തു​ട​ര്‍​ന്നു. സ​നീ​ഷി​നെ പി​ന്നീ​ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ഇ​ട​പെ​ട്ട് ആം​ബു​ല​ന്‍​സി​ല്‍ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ടു​ത്തു​രു​ത്തി​യി​ലു​ള്ള സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു സനീഷെ​ന്നു പിതാവ് സ​ദാ​ശി​വ​ന്‍ പ​റ​ഞ്ഞു.