തോമ്മാ കത്തനാര് നസ്രാണികളുടെ പ്രഥമ സ്വാതന്ത്ര്യസമര പോരാളി: മാര്‍ കല്ലറങ്ങാട്ട്
1590868
Thursday, September 11, 2025 11:55 PM IST
കടനാട്: മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവര്‍ണദോര്‍ പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കടനാട്ട് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ ബിഷപ്പും സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് തോമ്മാ കത്തനാരെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിനു മുമ്പില്‍ ഇന്ത്യന്‍ ദേശീയ വാദത്തിന് തിരി കൊളുത്തിയ പാറേമ്മാക്കലിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കപ്പെടാന്‍ മറ്റാരെക്കാളും യോഗ്യതയുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നത് കാലത്തിന്റെ ആവശ്യമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചെയര്‍മാനും ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസന അധിപനുമായ അലക്സിയോസ് മാര്‍ യൗസേബിയൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുര്‍ക്കി, നിഖ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായപ്പോള്‍ വലിയ ക്രൈസ്തവ ദേശങ്ങള്‍ ഇന്ന് ക്രൈസ്തവമല്ലാത്ത സാഹചര്യങ്ങളില്‍ എത്തിയിരിക്കുന്നത് നമ്മള് പഠിക്കുകയും വേണ്ട ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ എഴുതിയ വര്‍ത്തമാന പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി, വര്‍ത്തമാന പുസ്തകത്തിന്റെ ആധുനിക മലയാളത്തില്‍ ജോണ്‍ മാളിയേക്കല്‍ തയാറാക്കിയ പതിപ്പ്, ഇഡബ്ല്യുഎസ്, ജാതി സെന്‍സസ് എന്നീ വിഷയങ്ങള്‍ പഠിച്ച് അരുവിത്തുറ ദേശ ഭാരവാഹികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് എന്നിവ യോഗത്തില്‍ പ്രകാശനം ചെയ്തു.
പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മലേപറമ്പില്‍, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ, പൊതുപ്രവര്‍ത്തകനും പാറേമാക്കല്‍ കുടുംബാംഗവുമായ ടോമി കല്ലാനി, നസ്രാണി സമുദായ നേതാവ് യാക്കോബായ സഭയിലെ ഷെവ. ഉമ്മച്ചന് വേങ്കടത്ത് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
മാര്‍ത്തോമ ആറാമന്‍, കരിയാറ്റില്‍ മാര്‍ യൗസേപ്പ് മല്പ്പാന് എന്നിവരെയും പാറേമ്മക്കലിനൊപ്പം അനുസ്മരിച്ചു.