കവണാറ്റിൽ ഫൈബർ ചുണ്ടനുകൾ ഏറ്റുമുട്ടി, തുഴയെറിഞ്ഞ് വിനോദസഞ്ചാരികൾ
1590743
Thursday, September 11, 2025 6:12 AM IST
കുമരകം: കവണാറിൽ നടന്ന ടൂറിസം ജലമേളയുടെ നാലാം നാളായ ഇന്നലെ വീണ്ടും വള്ളംകളി അരങ്ങേറിയത് ആവേശം പകർന്നു. കഴിഞ്ഞ ദിവസം നടന്ന മത്സര വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾ മത്സരിക്കാനുണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ നടന്ന പ്രദർശന മത്സരത്തിൽ പങ്കെടുത്തത് രണ്ട് ഫൈബർ ചുണ്ടനുകൾ മാത്രം. ക്നായി തൊമ്മൻ ചുണ്ടനും സെന്റ് ജോൺസ് ചുണ്ടനും. ക്നായി ചുണ്ടനാണ് വിജയിച്ചത്.
നെഹ്റു ട്രോഫി വള്ളംകളിക്കു നടുവിലേപ്പറമ്പൻ ചുണ്ടന്റെ തുഴച്ചിൽകാർക്കു പരിശീലനത്തിനായി കുമരകം സ്വദേശിയും നടുവിലേപ്പറമ്പൻ ചുണ്ടന്റെ ഉടമയുമായ ജിഫി ഫെലിക്സ് വാങ്ങിയ രണ്ട് ഫൈബർ ചുണ്ടനുകളിലായിരുന്നു ഇന്നലെ വടക്കേന്ത്യയിൽനിന്നെത്തിയ വിനോദ സഞ്ചാരികൾ അണിനിരന്നത്. കുമരകത്തെ ഒരു സ്വകാര്യ ഹോട്ടലിൽ എത്തിയ 100 അംഗ മുംബൈ സ്വദേശികളാണ് തുഴച്ചിൽ താരങ്ങളായത്. കുമരകം കാസിൽ ഹൗസ്ബോട്ട് ഗ്രൂപ്പും സേഷാ ട്രാവൽ ഏജൻസിയും ചേർന്നാണ് വള്ളംകളി സംഘടിപ്പിച്ചത്.

ഇരുപത്തിയഞ്ച് വിനോദ സഞ്ചാരികളും അത്രയുംതന്നെ നാട്ടുകാരായ തുഴച്ചിൽക്കാരും ഓരോ വള്ളങ്ങളിലായി കയറി ഒരുമിച്ചു തുഴഞ്ഞായിരുന്നു മത്സരം. ഇരുവള്ളത്തിലുമായി എട്ട് അമരക്കാർ, ആറ് താളക്കാർ, നാല് ഇടിയമ്മാർ എന്നിവർ അണിനിരന്നു.
വള്ളത്തിന്റെ മുൻനിരയിൽ തുഴഞ്ഞവർ എല്ലാം നാട്ടുകാരും നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്തവരുമായിരുന്നു. വിജയികളെ കുമരകം എസ്എച്ച്ഒ കെ. ഷിജി അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാനം സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ കൈമാറി. വിനോദസഞ്ചാരികളുടെ വള്ളംകളി കാണാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു.