ചിറ്റടി പബ്ലിക് ലൈബ്രറി വജ്രജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
1591115
Friday, September 12, 2025 11:31 PM IST
മുണ്ടക്കയം: ചിറ്റടി പബ്ലിക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിന് ചിറ്റടി ജംഗ്ഷനിൽനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തുടർന്നു നടക്കുന്ന വജ്ര ജൂബിലി സമ്മേളനം സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ആന്റോ ആന്റണി എംപി, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മ്യൂസ് മേരി ജോർജ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വജ്ര ജൂബിലി കമ്മിറ്റി ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ, പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, ഫാ. തോമസ് നല്ലനാടിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൽ കഴിഞ്ഞ 25 വർഷമായി ജനപ്രതിനിധിയായി തുടരുന്ന ചിറ്റടി പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റ് കൂടിയായ ഡയസ് മാത്യു കോക്കാടിനെ ആദരിക്കും. തുടർന്ന് ബാലവേദിയുടെ ആഭിമുഖ്യത്തിൽ നൃത്തസന്ധ്യയും ക്ലബ് യുവയുടെ ആഭിമുഖ്യത്തിൽ സംഗീതനിശയും നടക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജോർജ് സെബാസ്റ്റ്യൻ, ബോബി കെ. മാത്യു, എൻ.പി. സോമൻ എന്നിവർ പങ്കെടുത്തു.