ശബരിമല വിമാനത്താവളം വൈകില്ല: മന്ത്രി ഒ.ആര്. കേളു
1591112
Friday, September 12, 2025 11:31 PM IST
മുക്കൂട്ടുതറ: ശബരിമലയിലേക്ക് രാജ്യത്തെ വിവിധയിടങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ക്ക് അനായാസം എത്തിച്ചേരുന്നതിന് എരുമേലിയിൽ വിമാനത്താവളത്തിന്റെ നിർമാണം വേഗത്തിലാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി ഒ.ആര്. കേളു. പമ്പയാറിന് കുറുകെ ഇടകടത്തിയിൽനിന്ന് അറയാഞ്ഞിലിമണ്ണിലേക്ക് സ്റ്റീൽ നിർമിത നടപ്പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തുടർന്ന് കുരുമ്പൻമുഴിയിലെത്തിയ മന്ത്രി കുരുമ്പൻമൂഴിയിൽ നിർമിക്കുന്ന സ്റ്റീൽ നടപ്പാലത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അറയാഞ്ഞിലിമണ്ണ്, പമ്പാവാലി കിസുമം ഉന്നതികള്‍ക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ വീതം അനുവദിച്ചതായി എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ബി. ഇക്ബാൽ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഷുമിന്‍ എസ്. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പട്ടികവർഗ കോർപ്പസ് ഫണ്ടിൽനിന്നു 2.68 കോടി രൂപ അറയാഞ്ഞിലിമണ്ണിലേക്കുള്ള പാലത്തിനും 3.97കോടി രൂപ കുരുമ്പൻമുഴിയിലെ പാലത്തിനുമാണ് ചെലവിടുന്നത്.