സര്‍വേയര്‍മാരുടെ അനാസ്ഥ; റോഡ് വികസനം മുടങ്ങുന്നു
1590866
Thursday, September 11, 2025 11:55 PM IST
പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെ ഭാഗമായ പാലാ-ഈരാറ്റുപേട്ട റോഡിലെ വളവുകള്‍ നിവര്‍ത്തി വീതി കൂട്ടുന്നതിനായി 2012 ല്‍ സ്ഥലം ഉടമകള്‍ക്ക് മുഴുവന്‍ വില നല്കി സ്ഥലം ഏറ്റെടുത്തെങ്കിലും റവന്യുവകുപ്പ് സര്‍വേയര്‍മാരുടെ അനാസ്ഥയില്‍ പണി മുടങ്ങുന്നു. അതിരു നിര്‍ണയിച്ചുനല്‍കാന്‍ രണ്ടു വര്‍ഷമായി പൊതുമരാമത്ത് റോഡ്സ് വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ കഴിഞ്ഞദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. ളാലം, ഭരണങ്ങാനം, തലപ്പലം, ഈരാറ്റുപേട്ട വില്ലേജുകളിലെ 40 പേരുടെ സ്ഥലത്ത് ഇതുവരെ വീതികൂട്ടല്‍ ഉണ്ടായിട്ടില്ല. സര്‍വേയര്‍മാരോട് നടപടി വേഗത്തിലാക്കാന്‍ സമിതി നിര്‍ദേശിച്ചു.
ഈരാറ്റുപേട്ട, പാലാ ഡിപ്പോകളില്‍നിന്ന് മലയോര പഞ്ചായത്തുകളിലേക്കു കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കാനും എടിഒമാര്‍ക്ക് യോഗം നിര്‍ദേശം നല്കി. രാഷ്ട്രീയ ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനി നല്കിയ അപേക്ഷ പരിഗണിച്ചാണ് താലൂക്കുസഭ നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് മലയോര പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ആലോചിച്ച് തീരുമാനമെടുക്കും.
ഈരാറ്റുപേട്ട മിനിസിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനായി ജില്ലാ കളക്ടര്‍ അനുമതി നല്കിയാല് ഉടന്‍ 32 പാഴ്മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് തഹസീല്‍ദാര്‍ യോഗത്തെ അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കുന്നതിനും ഫയര്‍ എന്‍ഒസി ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ളാലം ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജോസുകുട്ടി ജോസഫ്, മത്തായി മാത്യു, എ.കെ.ചന്ദ്രമോഹന്, ജോസുകുട്ടി പൂവേലില്‍, ജോര്‍ജ് പുളിങ്കാട്, ആന്റ ണി ഞാവള്ളി, ജോസ് കുറ്റിയാനിമറ്റം, ഡോ. തോമസ് കാപ്പന്, സണ്ണി മാത്യു, സതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.