അളവുതൂക്ക വെട്ടിപ്പ്: 1,27,000 രൂപ പിഴ; 31 സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
1591152
Saturday, September 13, 2025 1:28 AM IST
കോട്ടയം: ഓണക്കാലത്ത് അളവുതൂക്ക വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പു ജില്ലയില്‍ നടത്തിയ പ്രത്യേക മിന്നല്‍ പരിശോധനയില്‍ 31 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. 1,27, 000 രൂപ പിഴയും ഈടാക്കി. മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, പായ്ക്കര്‍ രജിസ്ട്രേഷന് ഇല്ലാതെ ഉത്പന്നങ്ങളുടെ വില്പന, പായ്ക്കറ്റുകളില്‍ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയതിലും കൂടിയവില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ക്കെതിരേയാണ് കേസെടുത്തത്.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എം. സഫിയ, കെ. സുജാ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അസി. കണ്ട്രോളര് ഷിന്റോ ഏബ്രഹാം, ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. ബേബി, അപര്‍ണ എസ്. മേനോന്, അഖില്‍ സക്കറിയ, യു.വി. വിപിന്‍, പി.കെ. ബിനുമോന് എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു.