പാടിയും പറഞ്ഞും പഠിച്ചും പഠിപ്പിച്ചും മുതിർന്ന പൗരന്മാർ
1591122
Friday, September 12, 2025 11:31 PM IST
കുറവിലങ്ങാട്: ശാരീരിക ന്യൂനതകൾപോലും മറന്ന് മനസ് തുറന്ന് അവർ പാടുമ്പോൾ ശ്രേതാക്കളും സംഘാടകരുമായ ഇളംതലമുറയ്ക്ക് ആവേശം. പാടിയും പറഞ്ഞും ചിലപ്പോളൊക്കെ പഠിപ്പിച്ചും സംഗമിച്ച മുതിർന്ന തലമുറയും ആവേശത്തിന്റെ ആഘോഷത്തിലായിരുന്നു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സുന്ദരം സായാഹ്നം, സ്മാർട്ട് സീനിയേഴ്സ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുതിർന്ന പൗരന്മാരുടെ സംഗമം നടത്തിയത്. സംഗമത്തിന്റെ ഭാഗമായി ക്ലാസുകളും ആരോഗ്യ പരിശോധനയും കലാപരിപാടികളും ഉച്ചഭക്ഷണവുമൊക്കെ ക്രമീകരിച്ചിരുന്നു.
ബ്ലോക്കിനെ വയോജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഫാ. ജോസഫ് പുത്തൻപുര നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെ. രവികുമാർ, ഡോ. ഹരികൃഷ്ണൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബിജു കൊണ്ടൂക്കാലാ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ആഷാമോൾ ജോബി, ജോൺസൺ പുളിക്കീൽ, സ്മിത അലക്സ്, ജീന സിറിയക്, സിൻസി മാത്യു, ആൻസി മാത്യു, സന്ധ്യ സജികുമാർ, ബിഡിഒ ശ്രീകുമാർ എസ്. കൈമൾ, സിഡിപിഒ എൽ. അംബിക എന്നിവർ പ്രസംഗിച്ചു.