കുമാരനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ച് തലകീഴായി മറിഞ്ഞു
1591091
Friday, September 12, 2025 6:53 AM IST
കോട്ടയം: കുമാരനല്ലൂർ കൊച്ചാലഞ്ചോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
കുടമാളൂർ ഭാഗത്തുനിന്ന് കുമാരനല്ലൂർ ഭാഗത്തേക്ക് വന്ന മാരുതി ഡിസയർ കാർ മുന്നിലുണ്ടായിരുന്ന റെനോ ക്വിഡ് കാറിനു പിന്നിലിടിച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ക്വിഡ് കാറിൽ യാത്രചെയ്യുകയായിരുന്ന പനമ്പാലം സ്വദേശി ബിജു, ഡിസയറിൽ യാത്രചെയ്യുകയായിരുന്ന ആർപ്പൂക്കര സ്വദേശി വിഷ്ണു എന്നിവർക്ക് നിസാര പരിക്കേറ്റു. ഇരുവരും കുടമാളൂർ കിംസ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ തലകീഴായി മറിഞ്ഞ ഡിസയർ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ക്വിഡ് കാറിന്റെ പുറകുവശവും തകർന്നിട്ടുണ്ട്. കോട്ടയം ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.