സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളിയിൽ
1591106
Friday, September 12, 2025 10:39 PM IST
കാഞ്ഞിരപ്പള്ളി: കേരള പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ഒക്ടോബറിൽ നടക്കും. എകെജെഎം സ്കൂളിൽ നടന്ന കാഞ്ഞിരപ്പള്ളി മണ്ഡലം സ്റ്റുഡന്റ്സ് സഭ ആലോചനായോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
വരും തലമുറയുടെ വികസന പ്രതീക്ഷകൾ അറിയാനാണ് സ്റ്റുഡന്റ്സ് സഭയെന്നും വിദ്യാർഥികളുടെ അഭിപ്രായങ്ങളും സർഗാത്മക വിമർശനങ്ങളും ഉൾക്കൊണ്ട് അതിന് അനുസൃതമായ രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എൻ. ജയരാജ് എംഎൽഎ ചെയർമാനും പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി. ബിവീഷ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി. ബിവീഷ്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, എകെജെഎം സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല, ശ്രീജിത്ത്, ശ്രീകാന്ത് എസ്. ബാബു, ഡോ. സി.വി. ഗോപീകൃഷ്ണ, പി. പ്രജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥി പ്രതിനിധികൾ വികസന പ്രശ്നങ്ങൾ, പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ മണ്ഡലത്തിലെ എംഎൽഎയുമായി പങ്കുവയ്ക്കും.
സ്റ്റുഡന്റ്സ് സഭയിൽ പങ്കെടുക്കാനായി മൂന്നു വിദ്യാർഥികളെ വീതം ഓരോ സ്ഥാപനവും തെരഞ്ഞെടുക്കും. ഇതിനായി ഉപന്യാസം, ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു മണ്ഡലത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം.
സ്റ്റുഡന്റ്സ് സഭ ഇങ്ങനെ
സ്റ്റുഡന്റ്സ് സഭ സംഘടിപ്പിക്കുന്നതിന് മുമ്പ് വിവിധ സ്കൂൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്നു വിദ്യാർഥികളെ വീതം പരിപാടിയിലേക്കു തെരഞ്ഞെടുക്കും. ഇവരെ പത്തു ഗ്രൂപ്പുകളായി തിരിച്ചു മണ്ഡല വികസനവുമായി ബന്ധപ്പെട്ട പത്തു വിഷയങ്ങളിൽ ചർച്ച നടത്തും. വിദ്യാർഥികൾ അവരുടെ പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ ജനപ്രതിനിധിയുമായി പങ്കുവയ്ക്കും.
നിർദേശങ്ങളുടെ പ്രവർത്തന പുരോഗതി മനസിലാക്കാനും എംഎൽഎയുമായി ചർച്ച നടത്താനും സ്റ്റുഡന്റ്സ് സഭയിൽനിന്നു തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായും ചർച്ച നടത്തും.