കാനത്തിനു പിന്നാലെ കോട്ടയത്തുനിന്ന് സിപിഐക്ക് സംസ്ഥാന സെക്രട്ടറി
1591155
Saturday, September 13, 2025 1:28 AM IST
കോട്ടയം: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ നാട്ടില്‍നിന്നും വീണ്ടും ഒരു സെക്രട്ടറികൂടി.
പി.കെ. വാസുദേവന്‍ നായര്‍ക്കും കാനം രാജേന്ദ്രനും ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തെ നയിക്കാന്‍ വീണ്ടും ഒരു കോട്ടയംകാരന്. വൈക്കം സ്വദേശിയാണ് ബിനോയ് വിശ്വം. വൈക്കം മുന്‍ എംഎല്‍എ സി.കെ. വിശ്വനാഥന്റെയും ഓമനയുടെയും മകനായി 1955 നവംബര്‍ 25നാണ് ജനനം. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി. തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനയുടെ ദേശീയ പ്രസിഡന്റ് വരെയായി. വൈക്കത്തുനിന്ന് എറണാകുളത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും താമസം മാറ്റിയ ബിനോയ് ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ബിനോയ്യുടെ നിരവധി ബന്ധുക്കള്‍ വൈക്കത്തും വെള്ളൂരിലുമുണ്ട്.
2023 ഡിസംബര്‍ 10ന് അന്തരിച്ച മുന്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരത്തിനുശേഷം കോട്ടയം സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ദേശീയ സെക്രട്ടറി ഡി. രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബിനോയ്യെ താത്കാലിക സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ഇന്നലെ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. 2001 മുതല്‍ 2011 വരെ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നുള്ള എംഎല്‍എയായിരുന്നു. സിപിഐ നിയമസഭാ കക്ഷി ഉപനേതാവായും 2006 മുതല്‍ 2011 വരെ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ വനം, ഭവന നിര്‍മാണ മന്ത്രിയായും പ്രവര്‍ത്തിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിനോയ് 2018 മുതല്‍ 2024 വരെ രാജ്യസഭാംഗവുമായിരുന്നു.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും സിപിഐയുടെ മുഖപത്രം ജനയുഗത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥതി പ്രവര്ത്തകന്കൂടിയായിരുന്ന ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന കാലത്ത് പരിസ്ഥിതി സൗഹൃദമായ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന കൂത്താട്ടുകുളം മേരിയുടെ മകള്‍ ഷൈല സി. ജോര്‍ജാണ് ഭാര്യ. മാധ്യമപ്രവര്‍ത്തകയായ രശ്മിയും അഭിഭാഷകയായ സൂര്യയുമാണ് മക്കള്‍.
മുന്‍ മുഖ്യമന്ത്രിയും സിപിഐയുടെ ദീര്‍ഘകാല സെക്രട്ടറിയുമായിരുന്ന പി.കെ. വാസുദേവന്‍നായർ കിടങ്ങൂര്‍ സ്വദേശിയാണ്. ബിനോയ് വിശ്വത്തിനു മുമ്പ് സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന് വാഴൂര്‍ കാനം സ്വദേശിയായിരുന്നു. വാഴൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കാനം രാജേന്ദ്രന് ദീര്‍ഘകാലം എഐടിയുസി സംസ്ഥാന സെക്രട്ടറിയായും സിപിഐ സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലങ്ങളായി വൈക്കം സംവരണ മണ്ഡലത്തില്‍ എംഎല്‍എ സിപിഐയുടേതാണ്.
കൃഷ്ണപിള്ളയുടെ ജന്മഗൃഹം സിപിഐ അടുത്ത നാളില്‍ വാങ്ങി സ്മാരകമാക്കിയിരുന്നു. കൂടാതെ മഹാത്മാഗാന്ധി വൈക്കത്ത് എത്തിയപ്പോള്‍ സന്ദര്‍ശനം നടത്തിയ ഇണ്ടംതുരുത്തി മനയും പാര്‍ട്ടി നേതൃത്വം വിലയ്ക്കുവാങ്ങി. മന ഇപ്പോള്‍ ചെത്തുതൊഴിലാളി യൂണിയന് ഓഫീസായി പ്രവര്‍ത്തിക്കുന്നു.
അഞ്ച് സംസ്ഥാന
കൗണ്‍സില്‍ അംഗങ്ങൾ ജില്ലയില്‍നിന്ന്
കോട്ടയം: ജില്ലയില്‍നിന്ന് അഞ്ചു പേര് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി. ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍, മുന്‍ ജില്ലാ സെക്രട്ടറിമാരായ സി.കെ. ശശിധരന്, വി.ബി. ബിനു, മഹിളാ സംഘം നേതാവ് ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി. ജോസഫ് എന്നിവരാണ് സംസ്ഥാനകൗണ്‍സില്‍ അംഗങ്ങളായത്. കണ്ട്രോള് കമ്മീഷന് അംഗമായി ആര്. സുശീലനും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ശുഭേഷ് സുധാകരനെ ഒഴിവാക്കിയ ഒഴിവിലാണ് ജോണ്‍ വി. ജോസഫ് അംഗമായത്.