നേരേകടവ്-ഉദയനാപുരം റോഡിന് സ്ഥലം ഏറ്റെടുക്കൽ സർവേ നടത്താൻ തീരുമാനം
1590735
Thursday, September 11, 2025 6:11 AM IST
വൈക്കം: തുറവൂർ -പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ് - മാക്കേകടവ് പാലം യാഥാർഥ്യമാകുന്നതോടുകൂടി ഗതാഗതത്തിരക്ക് വർധിക്കുന്നതു കണക്കിലെടുത്ത് നേരേകടവ് - ഉദയനാപുരം റോഡ് വീതികൂട്ടി ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനടക്കം 100 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചു.
സി.കെ. ആശ എംഎൽഎ പദ്ധതി സമർപ്പിച്ചതിനെത്തുടർന്ന് റോഡിനുസ്ഥലം ഏറ്റെടുക്കുന്നതിന് സർവേ ആരംഭിക്കാൻ തീരുമാനമായി.
ഒരു മാസത്തിനകം സർവേ നടപടികൾ ആരംഭിക്കും. നിലവിലെ റോഡിന് 2.515 കിലോമീറ്റർ നീളവും 3.8 മീറ്റർ വീതിയുമാണുള്ളത്. നിലവിലെ റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിന് റോഡിന്റെ ഇരുവശങ്ങളിൽനിന്നു സ്ഥലം ഏറ്റെടുക്കേണ്ടിവരും.
ഏറ്റെടുത്ത സ്ഥലത്ത് ബിഎം ആൻഡ് ബിസി റോഡ് നിർമിക്കുന്നതിനും റോഡിലെ കാലപ്പഴക്കത്താൽ തകർച്ചാഭീഷണിയിലായ കലുങ്കുകൾ പുനർനിർമിക്കാനം ഓടകൾ നിർമിച്ച് ട്രാഫിക് സേഫ്റ്റി അടക്കം ചെയ്യാനാണ് 100 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നത്.
നേരേകടവ് - മാക്കേകടവ് പാലം പൂർത്തിയാകുന്നതോടുകൂടി റോഡിലൂടെയുള്ള വാഹനഗതാഗതം പതിൻമടങ്ങാകും. വീതി കുറവായതിനാൽ ഗതാഗത കുരുക്ക് ഉണ്ടാക്കാതിരിക്കാനും ഭാവിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സ്ഥലമേറ്റെടുത്ത് റോഡ് നിർമിക്കുന്നതാണ് ഉചിതം.
പാലം നിർമാണം ഏതാനും മാസങ്ങൾക്കകം പൂർത്തിയാകുന്നതിനാൽ ഗതാഗതം തടസപ്പെടാതിരിക്കാൻ നിലവിലെ റോഡ് അതേ രീതിയിൽത്തന്നെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിച്ച് ട്രാഫിക് സേഫ്റ്റി ഉൾപ്പെടെ ചെയ്യുന്നതിന് നാലു കോടി രൂപ ചെലവുവരും.
നിലവിലെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനൊപ്പം റോഡിനു വീതികൂട്ടി ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമിച്ച് മൂന്നു കലുങ്കുകളും ഓടകളും നിർമിച്ച് ട്രാഫിക് സേഫ്റ്റിയടക്കം നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനാണ് ശ്രമം നടത്തിവരുന്നതെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.