ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു
1591361
Saturday, September 13, 2025 7:30 AM IST
ചങ്ങനാശേരി: ആധുനിക രീതിയില്‍ നവീകരിക്കുന്ന ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 7.05 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം. 905 ചതുരശ്രമീറ്ററില്‍ രണ്ടുനിലകളിലായി ഓവല്‍ ആകൃതിയിലാണ് കെട്ടിടത്തിന്റെ രൂപകല്പന.
ഒന്നാം നിലയുടെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ നിലവില്‍ പുരോഗമിക്കുന്നു. എന്‍ക്വയറി ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍, പോലീസ് എയ്ഡ് പോസ്റ്റ്, കോഫി ബാര്‍, ഹെല്‍ത്ത് റൂം, സ്റ്റേഷന് മാസ്റ്ററുടെ മുറി, കാത്തിരിപ്പ് മുറി, സെക്യൂരിറ്റി മുറി, ഇലക്ട്രിക്കല്‍ മുറി, മുലയൂട്ടല്‍ മുറി എന്നിവ താഴത്തെ നിലയില്‍ സജ്ജീകരിക്കും.
കാലപ്പഴക്കത്തെത്തുടര്‍ന്ന് അപകട ഭീഷണിയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് നിലവിലെ കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ക്കായി താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.
വിവിധ വര്‍ഷത്തെ എംഎല്‍എ ഫണ്ടുകള്‍ സംയോജിപ്പിച്ച് പ്രത്യേക അനുമതി വാങ്ങിയെടുത്താണു നിര്‍മാണം സാധ്യമാക്കിയതിതെന്നു എംഎല്‍എ പറഞ്ഞു.