നൂറുമേനി വിജയികളുടെ മഹാസംഗമം ഇന്ന്
1591362
Saturday, September 13, 2025 7:30 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നൂറുമേനി വചനപഠന മത്സരവിജയികളുടെ മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മലങ്കരസഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണവും നടത്തും. ചലച്ചിത്ര നടന് സിജോയ് വര്‍ഗീസ് വചന സാക്ഷ്യം നല്‍കും.
ചലച്ചിത്ര നിര്‍മാതാവും ഗാനരചയിതാവുമായ ലിസി ഫെര്‍ണാണ്ടസ്, അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, മീഡിയ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, നൂറുമേനി വചന പഠനപദ്ധതി ചെയര്മാന് സണ്ണി ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. അയ്യായിരത്തിലേറെ പേര് മഹാസംഗമത്തില്‍ പങ്കെടുക്കും.
വചനപഠനം ലോകനന്മയ്ക്ക്
യുദ്ധങ്ങളും സംഘര്‍ഷങ്ങളും ആകുലതയും സ്നേഹരാഹിത്യവും നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ വചനപഠനം സമാധാനത്തിനും സാമൂഹ്യനന്മയ്ക്കുമുള്ള പ്രധാന ഉപാധിയാണ്. ജീവിതത്തിന്റെ മുഴുവന്‍ പ്രശ്നങ്ങൾക്കും പ്രതിസന്ധികള്‍ക്കും വചനം ഉത്തരം നല്‍കുന്നുണ്ട്. അതിനാലാണ് ചങ്ങനാശേരി അതിരൂപതയില്‍ നൂറുമേനി വചനമനഃപാഠ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലെയും മുഴുവന്‍ അംഗങ്ങള്‍ക്കും സ്വന്തമായി ബൈബിള്‍ ലഭ്യമാക്കുന്ന എന്റെ സ്വന്തം ബൈബിള്‍ പദ്ധതിക്കും നൂറുമേനി സീണണ്‍ നാലിനും ഇന്ന് തുടക്കമാകും.
സണ്ണി തോമസ് ഇടിമണ്ണിക്കല്‍
(നൂറുമേനി അതിരൂപതാ ചെയര്മാന്)