നീലംപേരൂര്‍ പടയണി പാറാവളയം എത്തി; ഇന്ന് കുടനിര്ത്തോടെ രണ്ടാംഘട്ടം അവസാനിക്കും
1591346
Saturday, September 13, 2025 7:11 AM IST
നീലംപേരൂര്‍: പള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തോടനുബന്ധിച്ച് പടയണി കളത്തില്‍ പാറാവളയം എത്തി. ഇന്ന് കുടനിർത്തോടെ രണ്ടാംഘട്ടം അവസാനിക്കും. മൂന്നാം ഘട്ടത്തില്‍ നാളെ മുതല്‍ പ്ലാവിലക്കോലങ്ങള്‍ എഴുന്നെള്ളും.
ചിങ്ങമാസത്തിലെ അവിട്ടം നാളില്‍ രാത്രി പത്തിന് ശ്രീകോവിലില്‍നിന്നും മേല്‍ശാന്തി പകര്‍ന്നു തരുന്ന അഗ്നി പടയണി ആചാര്യന് പടയണിക്കളത്തിലേക്ക് ആവാഹിക്കും. തുടർന്ന് പ്രദേശത്തെ വീടുകളില്‍നിന്നു ഗൃഹനാഥന്മാര് തെറുത്തുകൊണ്ട് വരുന്ന ചൂട്ടുകറ്റകളിലേക്ക് അഗ്നി പകരുകയും ഇവ കയ്യിലേന്തി ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തു പടിഞ്ഞാറു ഭാഗത്തുള്ള ചേരമാന്‍ പെരുമാള്‍ സ്മാരകത്തില്ചെന്ന് അനുവാദം ചോദിക്കുന്നതോടുകൂടിയാണ് പടയണിക്കാലത്തിന് തുടക്കമായത്.
ഈ ചടങ്ങ് തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ ഇതേസമയത്ത് നടത്തും. പിന്നീടുള്ള നാലു ദിവസങ്ങളില്‍ കുട പടയണിയാണ്. തെങ്ങോലയുടെ ഈറളില്നിന്നും ഉണ്ടാക്കുന്ന വാരിയില്‍ ചെത്തിപ്പൂകൊണ്ട് അലങ്കരിച്ചു കുടയുടെ രൂപത്തിലാക്കും. എട്ടാംദിവസം കുടംപൂജ കളിയോടുകൂടി കുടനിര്‍ത്തും ഉണ്ടാകും.
അടുത്ത നാല് ദിവസങ്ങളില്‍ പ്ലാവിലകോലങ്ങള്‍ ആണ്. പന്ത്രണ്ടാം ദിവസം ഭീമന്, ഹനുമാന്, തപസ്വി തുടങ്ങിയ പ്ലാവിലകോലങ്ങള്‍ എല്ലാം എഴുന്നെള്ളിച്ചു ദേവിയുടെ തിരുമുമ്പില്കൊണ്ടുവന്നു കുടംപൂജ കളി, തോത്താ കളി എന്നിവയോടെ പ്ലാവില നിര്‍ത്ത് ആഘോഷിക്കുന്നു.
പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ പിണ്ടിയും കുരുത്തോലയും ആണ്. അവസാന രണ്ടു ദിവസങ്ങളില്‍ കലാവിരുതിന്റെ മാസ്മരികതയോടെ അന്നങ്ങള്‍ നിര്‍മിക്കുന്നു. ആന, ഭീമന്, യക്ഷി, രാവണന്, അമ്പലക്കൊട്ട, സിംഹം തുടങ്ങിയവയും ത്രിമാന രൂപത്തില്‍ ഉണ്ടാക്കുന്നു.
പൂരം നാളില്‍ രാത്രി പത്തിന് തുടങ്ങുന്ന പടയണിയില്‍ കാണികളെ ആവേശഭരിതരാക്കി ചൂട്ടു വെളിച്ചത്തിന്റെ പൊന്പ്രഭയില് ചെറിയന്നങ്ങളും കോലങ്ങളും തുടര്‍ന്ന് ഇടത്തരം അന്നങ്ങളും വലിയന്നവും എഴുന്നെള്ളുന്നതോടെ പൂരം പരിസമാപ്തിയിലേക്കെത്തും. പതിനാറുദിവസം വ്രതം അനുഷ്ഠിക്കുന്ന പടയണി ആചാര്യന് ഗുരുസി എന്ന കര്‍മം നിര്‍വഹിക്കുന്നതോടെ ആ വര്‍ഷത്തെ പടയണിക്കു സമാപനം കുറിക്കും.