എംജി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് മാറ്റി; കാരണം വ്യക്തമാക്കാതെ അധികൃതര്‍
1590877
Thursday, September 11, 2025 11:55 PM IST
കോട്ടയം: കാരണം വ്യക്തമാക്കാതെ അവസാന നിമിഷം എംജി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് അധികൃതര്‍ മാറ്റി. ഇന്നലെ നടക്കേണ്ടിയിരുന്ന യൂണിയന് തെരഞ്ഞെടുപ്പാണ് അധികൃതര്‍ മാറ്റിയത്. യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പിൽ മിക്കയിടത്തും തിരിച്ചടി നേരിട്ട എസ്എഫ്ഐയുടെ ഇടപെടലിലാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് കെഎസ്യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ എസ്എഫ്ഐയ്ക്ക് ആധിപത്യമുണ്ടായിരുന്ന കോളജുകളില്‍ കെഎസ്യു അട്ടിമറി വിജയം നേടിയിരുന്നു. 240 കൗണ്സിലര്മാര്ക്കാണു മുന്‍ വര്‍ഷങ്ങളില്‍ വോട്ടവകാശമുണ്ടായിരുന്നതെങ്കില് ഇത്തവണ 317 കൗണ്‍സിലര്‍മാര്‍ക്ക് വോട്ടവകാശമുണ്ട്. രാഷ്ട്രീയത്തിനതീതമായി തെരഞ്ഞെടുപ്പ് നടന്ന കോളജുകളിലെ കൗണ്‍സിലര്‍മാരുടെ നിലപാടില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ട്.
മാത്രവുമല്ല യൂണിയനിലെ എല്ലാ സീറ്റിലേക്കും കെഎസ്യു മത്സരിക്കുന്നുമുണ്ട്. പരാജയ ഭീതിയില്‍ എസ്എഫ്ഐ നേതൃത്വം നടത്തിയ ഇടപെടലിലാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് നൈസാം വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതിയും നല്കി.
തെരഞ്ഞെടുപ്പ് യാതൊരുവിധ കാരണവും കൂടാതെ മാറ്റിവയ്ക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും വിവിധ കോളജുകളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാര്‍ക്ക് മത്സരിക്കുവാനും വോട്ട് ചെയ്യുവാനുമുള്ള ജനാധിപത്യ അവകാശത്തെ അട്ടിമറിക്കുന്ന രീതിയിലും അവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലും എസ്എഫ്ഐ നടത്തുന്ന തീരുമാനത്തിന് സര്‍വകലാശാല അധികാരികള്‍ കൂട്ടുനില്‍ക്കുന്ന സാഹചര്യം തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും നൈസാം പരാതിയില്‍ കുറ്റപ്പെടുത്തി.
അതേ സമയം തെരഞ്ഞെടുപ്പു മാറ്റിവച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആഷിക് പറഞ്ഞത്.