വഴിയോരത്ത് ഉള്ളിക്കച്ചവടം നടത്തുകയായിരുന്ന പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ചുകയറി
1591092
Friday, September 12, 2025 6:53 AM IST
വടവാതൂര്‍: പാതയോരത്ത് ഉള്ളിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി. കെകെ റോഡില്‍ വടവാതൂര്‍ താന്നിക്കപ്പടിയില്‍ ഇന്നലെ വൈകുന്നേരം 4.30നാണ് അപകടമുണ്ടായത്. തലനാരിഴയ്ക്ക് കച്ചവടക്കാരനും ബസ് യാത്രികരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പാതയോരത്ത് ഉള്ളിക്കച്ചവടം നടത്തുകയായിരുന്ന തമിഴ്നാട് പളനി സ്വദേശി പാണ്ഡ്യന്റെ വാഹനത്തിലേക്കാണ് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അമിത വേഗത്തിലെത്തി ഇടിച്ചുകയറിയത്. മുണ്ടക്കയം ഭാഗത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന വാരിക്കാടന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. ചാക്കില്‍ കെട്ടിവച്ചിരുന്ന ഉള്ളി അപകടത്തെത്തുടര്‍ന്ന് തിരക്കേറിയ ദേശീയപാതയില്‍ ചിതറിവീണു. ഏകദേശം ഒന്നര ടണ്‍ ഉള്ളിയാണ് നഷ്ടപ്പെട്ടത്. ഇതേത്തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.
ബസ് അമിത വേഗത്തിലായിരുന്നെന്ന് അപകടത്തില്‍പ്പെട്ട തമിഴ്നാട് പളനി സ്വദേശി മണി പറഞ്ഞു. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.