കഞ്ചാവുമായി പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി
1590731
Thursday, September 11, 2025 6:11 AM IST
കടുത്തുരുത്തി: കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനു സമീപം 1.100 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളിയെ കോടതിയില്‍ ഹാജരാക്കി. കറുപ്പന്തറയില് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ ആസാം സ്വദേശി അഷദുള്‍ ഇസ്ലാമിനെ (29) യാണ് കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ച വൈകൂന്നേരം ആറോടെയാണ് സംഭവം. ഇയാളുടെ കൂടെ താമസിച്ചിരുന്ന സുഹൃത്ത് അമറുള്‍ ഇസ്ലാം ആണ് കഞ്ചാവ് തന്നതെന്ന് പിടിയിലായ യുവാവ് എക്സൈസിനോടു പറഞ്ഞു. പിടിയിലായ യുവാവ് നാളുകളായി പ്രദേശത്ത് കഞ്ചാവു വില്പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
വൈകുന്നേരം റെയില്‍വേ ഗേറ്റിനു സമീപംനിന്ന യുവാവ് ഒറീസ - കന്യാകുമാരി വിവേക എക്സ്പ്രസ് ട്രെയിന്‍ കടന്നുപോയപ്പോള്‍ ട്രെയിനിന്റെ വാതിലില്‍നിന്നു സ്റ്റേഷന് പരിസരത്തേക്ക് എറിഞ്ഞു കിട്ടിയ ബാഗുമായി പോകുന്നതിനിടെ എക്സൈസിന്റെ പിടിയിലാകുകയായിരുന്നു. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്കിയ അമീറുള്‍ എക്സ്പ്രസ് ട്രെയിനിന് ഇവിടെ സ്റ്റോപ്പില്ലത്തതിനാല് ട്രെയിനില്‍ കടന്നു കളഞ്ഞു.