സഹായഹസ്തവുമായി ജനങ്ങൾ; നൂറോളം കുടുംബങ്ങളെ ഓണമൂട്ടി സ്വരുമ
1590606
Wednesday, September 10, 2025 11:36 PM IST
കുറവിലങ്ങാട്: നിർധനർക്കും നിരാലംബർക്കും ഓണമുണ്ണാൻ അവസരമുണ്ടാകണമെന്ന സ്വരുമ പാലിയേറ്റീവിന്റെ ആഗ്രഹത്തെ ജനം സ്വീകരിച്ചതോടെ നൂറോളം കുടുംബങ്ങൾ സമൃദ്ധമായി ഓണമുണ്ടു. സാന്ത്വന പരിചരണരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയർ സേവനം നൽകുന്ന രോഗികളുടെ കുടുംബങ്ങൾക്ക് ഓണസദ്യയൊരുക്കാനാണ് ജനം കരങ്ങൾ കോർത്തത്.
ഓണസദ്യക്കാവശ്യമായ 20 ഇനം പലവ്യഞ്ജനങ്ങളും 10 ഇനം പച്ചക്കറികളും പായസക്കിറ്റും അടങ്ങിയ സാധനങ്ങൾ സ്വരുമ ഭാരവാഹികൾ, പാലിയേറ്റീവ് നഴ്സുമാർ, വോളണ്ടിയർമാർ, സന്നദ്ധപ്രവർത്തകൾ, പൊതുപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം വീടുകളിൽ എത്തിച്ചുനൽകി.
കുറവിലങ്ങാട്, കാണക്കാരി, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ കിടപ്പുരോഗികളും അശരണരുമായ ആളുകളുടെ വീടുകളിലാണ് കിറ്റുകൾ നൽകിയത്.
കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് സ്വരുമ ഭാരവാഹികളിൽനിന്ന് കിറ്റ് ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവഹിച്ചു. സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി തോമസ് വെള്ളായിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മിനിമോൾ ജോർജ്, കെ.വി. തോമസ് കട്ടയ്ക്കൽ, ജോൺ സിറിയക് കരികുളം, മോളിക്കുട്ടി സൈമൺ, ബെന്നി കോച്ചേരി, സന്തോഷ് കുറവിലങ്ങാട്, ഷാജി പുതിയിടം, ജോസ് സി. മണക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വിജി അനിൽ, ദീപ്തി കെ. ഗോപാലൻ, ബിജു ജോർജ്, സുനിൽ അഞ്ചുകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.