ആശങ്ക പടർത്തി ഓട്ടത്തിനിടെ ബസിൽനിന്ന് തീയും പുകയും
1590610
Wednesday, September 10, 2025 11:36 PM IST
മുണ്ടക്കയം: ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൽനിന്നും തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. കട്ടപ്പനയിൽനിന്നു കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽനിന്നുമാണ് തീയും പുകയും ഉയർന്നത്. ഇന്നലെ വൈകുന്നേരം നാലോടുകൂടി മുണ്ടക്കയം 35ാം മൈലിന് സമീപമായിരുന്നു സംഭവം.
ഇറക്കമിറങ്ങിവന്ന ബസിൽനിന്നു പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. പിന്നീട് യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയശേഷം പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. പെരുവന്താനം പോലീസിനൊപ്പം പീരുമേട്ടിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബസിൽനിന്നുയർന്ന തീയും പുകയും കെടുത്തി അപകടമൊഴിവാക്കി.
യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടശേഷം കേടുപാട് സംഭവിച്ച ബസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ 15 മിനിറ്റോളം ഗതാഗത തടസവുമുണ്ടായി. കുത്തിറക്കവും കൊടുംവളവുകളുമുള്ള മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ മുന്പും നിരവധി വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായിട്ടുണ്ട്.