അരുണാപുരം മുഖംമിനുക്കുന്നു
1591376
Saturday, September 13, 2025 11:31 PM IST
പാലാ: അരുണാപുരത്തിന്റെ മുഖംമിനുക്കാന്‍ വിവിധ പദ്ധതികളുമായി നഗരസഭ. നഗരസഭയിലെ 22-ാം വാര്‍ഡായ അരുണാപുരത്ത് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്റര്‍ ബൈപാസിൽ പൂര്‍ണശ്രീ ബില്‍ഡിംഗില്‍ 16ന് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവര്‍ത്തനസമയം. ഡോക്ടര്‍, നഴ്സ്, ഫാര്‍മസി സേവനങ്ങള്‍ സൗജന്യമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന് പദ്ധതിപ്രകാരമാണ് പദ്ധതി തുടങ്ങുന്നത്.
16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. അരുണാപുരം, മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിപാലനരംഗത്ത് ഇതു വലിയ നേട്ടമാണെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സാവിയോ കാവുകാട്ട് പറഞ്ഞു.
പുതിയ കിണറും
പമ്പ്ഹൗസും
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിലാറ്റില്‍ നഗരസഭയുടെ 75 ലക്ഷം രൂപ ഘട്ടംഘട്ടമായി മുടക്കി പുതിയ കിണറും പമ്പ്ഹൗസും ഫില്‍റ്റര്‍ സിസ്റ്റവും സ്ഥാപിച്ചു. ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞ് 2.30ന് ജോസ് കെ. മാണി എംപി നിര്‍വഹിക്കും.
വാട്ടര്‍ അഥോറിട്ടിയുടെ മേല്‍നോട്ടത്തിലാണ് കിണറും പമ്പ്ഹൗസും തീര്‍ത്തിട്ടുള്ളത്. ആധുനിക രീതിയില്‍ വെള്ളം ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്.
സ്മാര്‍ട്ട് അങ്കണവാടി
അരുണാപുരം കരേപ്പാറ അങ്കണവാടി പൂര്‍ണമായും നവീകരിച്ച് സ്മാര്‍ട്ട് അങ്കണവാടിയാക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് നിര്‍മാണം.