കേജരിവാളിന്റെ ചികിത്സ ഒരാഴ്ചകൂടി നീട്ടിയേക്കും
1591393
Saturday, September 13, 2025 11:31 PM IST
കോട്ടയം: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ കാഞ്ഞിരപ്പള്ളിയിലെ ആയുര്‍വേദ ചികിത്സ ഒരാഴ്ചകൂടി നീട്ടിയേക്കും. പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കാണ് എത്തിയതെങ്കിലും 14 ദിവസത്തെ ചികിത്സ നടത്താനാണ് നിലവിലെ ആലോചന. ഭാര്യ സുനിതയോടൊപ്പമാണ് കേജരിവാള്‍ ബുധനാഴ്ച എത്തിയത്.
ചികിത്സയ്ക്കൊപ്പം യോഗയും പരിശീലിക്കുന്നുണ്ട്. സുരക്ഷയ്ക്കായി ഒരു എസ്എച്ച്ഒയും രണ്ട് എസ്ഐമാരും ഉള്‍പ്പെടെ 20 പോലീസുകാര്‍ ചുമതലയിലുണ്ട്. കൂടാതെ സ്പെഷല്‍ ബ്രാഞ്ചിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റോബിന് മടുക്കക്കുഴിയുടെ നേതൃത്വത്തിലാണ് ചികിത്സ. ഇപ്പോള്‍ ജര്‍മനിയിലുള്ള ഡോ. ജോബിന് മടുക്കക്കുഴി അടുത്തയാഴ്ച കാഞ്ഞിരപ്പള്ളിയിലെത്തി കേജരിവാളിന്റെ ചികിത്സ പൂര്‍ത്തിയാക്കും. ഒരു മാസമായി മടുക്കക്കുഴി ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച് കേജരിവാള്‍ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.
2016ല്‍ പ്രകൃതി ചികിത്സയുടെ ഭാഗമായി ഇദ്ദേഹം ബംഗളൂരുവില്‍ എത്തിയിരുന്നു. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കും പരിഹാരം തേടിയാണ് അവിടെ ചികിത്സ തേടിയത്. ഉയര്‍ന്ന പ്രമേഹവും ചുമയും കേജരിവാളിനെ അലട്ടുന്നുണ്ട്.