കേരള കോണ്‍ഗ്രസിന്റെ പോരാട്ടം പ്രാദേശിക പാര്‍ട്ടികള്‍ക്കു മാതൃക: ജോസ് കെ. മാണി
1591648
Sunday, September 14, 2025 11:13 PM IST
കോട്ടയം : വന്യജീവി സംരക്ഷണം(കേരള ഭേദഗതി)നിയമനിര്‍മാണത്തിനുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോരാട്ടം ഇന്ത്യയിലെ എല്ലാ പ്രാദേശിക പാര്‍ട്ടികള്‍ക്കും മാതൃകയാണെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി.
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള നിയമ നിര്‍മാണത്തിനായി ഏറെ നാളുകളായി കേരള കോണ്‍ഗ്രസ്-എം ശക്തമായ പോരാട്ടത്തിലായിരുന്നു.
എന്നാല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം തടസമായി നില്‍ക്കുകയാണ്. പതിറ്റാണ്ടുകളായി കേരളത്തിലെ മലയോര കര്‍ഷകര്‍ ഉന്നയിക്കുന്ന ജീവിതാവശ്യമാണ് കേരള കോണ്‍ഗ്രസ്-എം യാഥാര്ഥ്യമാക്കിയെടുത്തതെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള ലോയേഴ്സ് കോണ്‍ഗ്രസ്-എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് , വിജി എം. തോമസ് , അഡ്വ. ബോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി ജോസഫ് ജോണ്‍ (ആലപ്പുഴ , പ്രസിഡന്റ്) , ജസ്റ്റിന് ജേക്കബ് ( സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി) , കെ. ഇസഡ്. കുഞ്ചറിയ കുഴിവേലി (ട്രഷറര്‍), പി.കെ. ലാല്‍, എം.എം മാത്യു, ഗീത ജോബ്, സണ്ണി മാന്തറ ( വൈസ് പ്രസിഡന്റുമാര്‍), ഷിബു കട്ടക്കയം ( കോഴിക്കോട്), സണ്ണി ചാത്തുകുളം ( കോട്ടയം), സതീഷ് ബസന്ത് (തിരുവനന്തപുരം), സജൂഷ് മാത്യു (തൃശൂര്‍), ജിമ്മി ജോര്‍ജ്, മോന്‍സി കുര്യാക്കോസ്, ബിനു തോട്ടുങ്കല്‍(ജനറല്‍ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.