പുഞ്ചകൃഷിക്ക് ഒരുക്കങ്ങളായി
1591590
Sunday, September 14, 2025 6:24 AM IST
കുമരകം: കുട്ടനാടൻ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയിറക്കാനുള്ള നടപടികൾക്ക് തുടക്കമായി. ആദ്യ പടിയായി പാടങ്ങളിലെ വെള്ളം വറ്റിക്കാൻവേണ്ടിയുള്ള പുഞ്ച ലേലം പുഞ്ച സ്പെഷ്യൽ ഓഫീസിൽ ആരംഭിച്ചു.
വൈദ്യുതി കണക്ഷൻ ലഭിച്ച പാടശേഖരങ്ങളിൽ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചുതുടങ്ങി. നീറ്റുകക്കായോ കുമ്മായമോ വിതറി നിലത്തെ പുളിരസം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കർഷകരിലേറയും. ട്രാക്ടറോ ട്രില്ലറോ ഉപയോഗിച്ചു നീലം ഉഴുതു നിരപ്പാക്കിയതിന് ശേഷമാണ് വിത. വിതയ്ക്കാനുള്ള വിത്ത് ലഭ്യമാക്കുന്നത് കൃഷിഭവനുകളും പഞ്ചായത്തുകളും ചേർന്നാണ്. കഴിഞ്ഞവർഷം തക്കസമയത്ത് വിത്ത് ലഭ്യമാക്കാൻ കഴിയാതെവന്നത് കൃഷി ഇറക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
നാഷണൽ സ്വീഡ് കോർപറേഷനിൽനിന്നും കർണാടക സ്വീഡ് കോർപറേഷനിൽ നിന്നുമാണ് വിത്ത് വാങ്ങി കൃഷിഭവൻവഴി വിതരണം നടത്തുക. ഒരു കിലോ നെൽ വിത്തിന് (ഉമ ) 45 രൂപയാണ് ഇപ്പോൾ. അതിന്റെ 50 ശതമാനം പഞ്ചായത്തുകൾ സബ്സിഡിയായി നൽകും . ഒരേക്കറിന് 40 കിലോ വിത്താണ് സബ്സിഡി നിരക്കിൽ കർഷകന് ലഭിക്കുക.
ജില്ലയിൽ കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, നാട്ടകം, നീണ്ടൂർ, ഏറ്റുമാനൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് പുഞ്ചകൃഷിയിറക്കുന്നത്. 1100 ടൺ നെൽവിത്ത് വേണ്ടിവരുമെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൂട്ടൽ. നവംബർ 30ന് മുമ്പ് വിത പൂർത്തിയാക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിർദേശം. വിത വൈകിയാൽ തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിനെ ബാധിക്കും. ഇത് കുട്ടനാടിന്റെ പാരിസ്ഥിതിക്ക് കൂടുതൽ ദോഷം ചെയ്യും.