നായർ സമ്മേളനം സമാപിച്ചു
1591601
Sunday, September 14, 2025 6:35 AM IST
വൈക്കം: ഒരു വ്യാഴവട്ടത്തിനു ശേഷം വൈക്കത്ത് നടന്ന നായര്‍ മഹാസമ്മേളനം സമാപിച്ചു. ക്ഷേത്ര നഗരിക്ക് സിന്ദൂരം ചാര്‍ത്തി തങ്ക വര്‍ണ്ണ പതാകകള്‍ ഉയര്‍ന്നുപൊങ്ങിയ സാംസ്കാരിക ഘോഷയാത്ര എന്‍എസ്എസിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു.
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യന് എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചുകൊണ്ടു നടന്ന മഹാ സമ്മേളനത്തില്‍ യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളില്‍ നിന്ന് ഏകദേശം 25000 അംഗങ്ങള്‍ പങ്കെടുത്തു.
മേഖലകളില്‍നിന്നു വന്ന അംഗങ്ങള്‍ വൈക്കം വലിയ കവലയില്‍ സംഗമിച്ചതോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. വലിയ കവലയിലെ മന്നം പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം നടന്ന ഘോഷയാത്രയ്ക്ക് യൂണിയന് പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട്, വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍, സെക്രട്ടറി അഖില്‍ ആര്. നായര്‍, ഇന്‍സ്പെക്ടര്‍ എസ്. മുരുകേശ്, ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം, ഉദയനാപുരം, ചെമ്പ്, മറവന്തുരുത്ത്, ടി.വി. പുരം, തലയാഴം, വെച്ചൂര്‍, കല്ലറ, മാഞ്ഞൂര്‍, കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍, തലയോലപ്പറമ്പ് മേഖലകള്‍ ക്രമമനുസരിച്ച് ഘോഷയാത്രയില്‍ അണിചേര്‍ന്നു.
എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് ചെയര്മാന് പി.ജി.എം. നായര്‍ കാരിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇലഞ്ഞിയില്‍ രാധാകൃഷ്ണന്, രജിസ്ട്രാര്‍ വി.വി. ശശിധരന് നായര്‍, കോട്ടയം യൂണിയന് പ്രസിഡന്റ് ബി. ഗോപകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങില്‍ യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനവും സോവിനീറിന്റെ പ്രകാശനവും നടന്നു.
സുരക്ഷാ ക്രമീകരണങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
കുടിവെളളം, ലഘു ഭക്ഷണം, ആരോഗ്യ വകുപ്പ്, ആംബുലന്‍സ്, വോളന്റിയേഴ്സ് എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയവരുടെ വാഹനം പാര്‍ക്കു ചെയ്യുന്നതിനും സൗകര്യമൊരുക്കിയിരുന്നു. വൈക്കം പോലിസിന്റെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണവും നടത്തി.