എംഎല്‍എയ്ക്ക് ഓണ മത്സരത്തില്‍ ഒന്നാം സമ്മാനം
1591585
Sunday, September 14, 2025 6:24 AM IST
മണര്‍കാട്: നാലുമണിക്കാറ്റിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന കലംതല്ലി പൊട്ടിക്കല്‍ മത്സരത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് ഒന്നാം സ്ഥാനം. 17 മത്സരാർഥികളെ പിന്തള്ളിയാണ് എംഎല്‍എ സമ്മാനം നേടിയത്.
ഓണാഘോഷത്തിന്റെ ഭാഗമായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് നാലുമണിക്കാറ്റില്‍ നടത്തിയ വന്യസസ്യ- പുഷ്പ-ഫല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്‍ നാട്ടുകാരോടൊപ്പം ഓണക്കളികളില്‍ പങ്കാളിയായത്. വന്യസസ്യ-പുഷ്പ-ഫല പ്രദര്‍ശനത്തില്‍ പങ്കെടുത്ത കുട്ടികള്‍ പഴമയും നാട്ടു പൈതൃകവും അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചവരാണെന്ന് എംഎൽഎ പറഞ്ഞു.
കോട്ടയം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രദര്‍ശനമൊരുക്കിയത്. നാലുമണിക്കാറ്റിന്റെ ഗ്രാമ്യപശ്ചാത്തലത്തില് നടന്ന കസേരകളി, റ്റാറ്റാപ്പഴം, സുന്ദരിക്കൊരു പൊട്ടുതൊടല്‍ തുടങ്ങിയ ഓണക്കളികളില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ രാജീവ് രവീന്ദ്രന്, സന്ധു അനില്‍ കുമാര്‍, കെ.കെ. മാത്യു, എം.എ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.