ഇന്ന് ശ്രീകൃഷ്ണ ജയന്തി, നാടും നഗരവും അമ്പാടിയാകും
1591586
Sunday, September 14, 2025 6:24 AM IST
കോട്ടയം: ഇന്ന് ശ്രീകൃഷ്ണ ജയന്തി, നാടും നഗരവും അമ്പാടിയാകും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 1,100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളില്‍ ശോഭാ യാത്രകള്‍ നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ശോഭയാത്രകള്‍. നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നാടിനെ അമ്പാടിയാക്കുന്ന ശോഭായാത്ര നഗരങ്ങളെയും ഗ്രാമങ്ങളെയും വര്‍ണാഭമാക്കും. നിശ്ചല ദൃശ്യങ്ങള്‍, ഗോപിക നൃത്തം, ഉറിയടി, വെണ്ണ തീറ്റ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് മിഴിവേകും.
തിരുനക്കരയിലും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിക്കും. തുടര്‍ന്നു മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും.
ശോഭാ യാത്രയില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.എന്‍. ഉണ്ണിക്കൃഷ്ണന് മുഖ്യാതിഥിയായിരിക്കും. കഞ്ഞിക്കുഴി, ഇറഞ്ഞാല്‍, മണര്‍കാട്, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട്, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, നീണ്ടൂര്‍, തിരുവാതുക്കല്‍, കുമ്മനം, കുമരകം എന്നിവിടങ്ങളിലും ശോഭയാത്രയുണ്ട്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ അഷ്ടമി രോഹിണി പൂജയുമുണ്ട്.