എംസിഎഫിന് തീയിട്ടു
1591603
Sunday, September 14, 2025 6:35 AM IST
നെടുംകുന്നം: ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന എംസിഎഫ് കത്തിനശിച്ചു. ഇന്നലെ പുലർച്ചെ നാലിന് ദേവഗിരി-കോവേലി റോഡിൽ സ്വകാര്യാശുപത്രിക്ക് സമീപമായിരുന്നു സംഭവം.
റോഡരികിൽ സ്ഥാപിച്ചിരുന്ന എംസിഎഫിൽനിന്നു തീയുയരുന്നത് ആശുപത്രിയിലെ സെക്യൂരിറ്റിയാണ് ആദ്യം കണ്ടത്. ഇദ്ദേഹമാണ് വിവരം നാട്ടുകാരെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചത്.
എംസിഎഫിനുള്ളിലും പുറത്തും നിറയെ മാലിന്യ ചാക്കുകളുണ്ടായിരുന്നു. ആരോ തീയിട്ടതാണെന്നു സംശയിക്കുന്നു. മുക്കാൽ മണിക്കൂറോളം മാലിന്യങ്ങൾ കത്തിയെരിഞ്ഞു. വിവരമറിഞ്ഞ് പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ കറുകച്ചാൽ പോലീസിൽ പരാതി നൽകുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ പറഞ്ഞു.