പെരുവയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന്
1591596
Sunday, September 14, 2025 6:35 AM IST
പെരുവ: പെരുവയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം. വാനഹത്തിരക്കേറിയ പെരുവ ടൗണില്‍ ഗതാഗത നിയന്ത്രണത്തിനായി യാതൊരു സംവിധാനങ്ങളുമില്ല. തോന്നുംപടിയുള്ള ഡ്രൈവിംഗും അനധികൃത വാഹന പാര്‍ക്കിംഗും പെരുവയില്‍ ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. പെരുവ ജംഗ്ഷനില്‍നിന്ന് കടുത്തുരുത്തി, പിറവം, കൂത്താട്ടുകുളം, തലയോലപ്പറമ്പ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡരികുകളിലെല്ലാം വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ഗതാഗത പ്രതിസന്ധി രൂക്ഷമാക്കുന്നു.
വാഹനത്തിരക്കേറിയ നാല്ക്കവലയാണ് പെരുവ ജംഗ്ഷനെന്നതും കുരുക്ക് വര്‍ധിപ്പിക്കുന്നു. മുമ്പ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജംഗ്ഷനില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കുകയും ജഗ്ഷനിലെ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷകള്‍ പുറകോട്ടിറക്കി പാര്‍ക്ക് ചെയ്യിക്കുകയും ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇതെല്ലാം അവഗണിച്ചു ബസുകള്‍ പഴയപടിതന്നെ സ്റ്റോപ്പുകളാക്കി. ബസ് നിര്‍ത്താന്‍ മുളക്കുളം പഞ്ചായത്തും ആര്‍ടിഒയും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്.
ഗതാഗതം പുനഃക്രമീകരണം
പിറവം റോഡില്‍ നിലവില്‍ ബസുകള്‍ നിര്‍ത്തുന്നത് നാഗാര്‍ജുന ഫാര്‍മസിക്ക് മുന്നിലാണ്.
ഇത് മുന്നോട്ട് മാറ്റി സെന്‍ട്രല്‍ ബാങ്കിന്റെ വാതിക്കലേക്ക് ബസ് സ്റ്റോപ്പ് ക്രമീകരിക്കണം. കൂത്താട്ടുകുളം റോഡില്‍ ആലിന്‍ചുവടിന് സമീപം കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലാണ് ബസുകള്‍ നിര്‍ത്തുന്നത്. ഇവിടുത്തെ സ്റ്റോപ്പ് കേരളാ ബാങ്കിന് സമീപത്തേക്ക് മാറ്റണം. വൈക്കം റോഡില്‍ പ്രസന്ന ബേക്കറിയുടെ മുന്‍വശമുള്ള ബസ്സ്റ്റോപ്പ് സ്നേഹ ജൂവലറിയുടെ ഭാഗത്തേക്കും മാറ്റി പുനഃസ്ഥാപിക്കണം.
നടപടിവേണം
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ 40തിലധികം ബസുകള്‍ ദിനംപ്രതി പെരുവ കവലയിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. സ്റ്റോപ്പുകളെല്ലാം ജംഗ്ഷനിലായതിനാല് ബസുകള്‍ നിര്‍ത്തുന്ന സമയത്ത് മറ്റ് വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാതെവരുന്നതോടെ ഗതാഗതം കുരുങ്ങുന്നതായി യാത്രക്കാര്‍ പറയുന്നു.
സ്കൂള്‍ ബസുകളടക്കം കുരുക്കില്‍ അകപ്പെടാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ഗതാഗതം കുരുങ്ങുന്നത്.
ജംഗ്ഷനിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാഹനഗതാഗതം മറ്റു യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും തടസങ്ങള്‍ ഉണ്ടാക്കാത്തവിധം പുനഃക്രമീകരിക്കണമെന്നും യാത്രക്കാർ പറയുന്നു.