‘കരുണയും കാവലും’ ചിത്രീകരണം പൂര്‍ത്തിയായി
1591599
Sunday, September 14, 2025 6:35 AM IST
വൈക്കം: ഭക്തിസാന്ദ്രമായ ‘കരുണയും കാവലും’ എന്ന നൊവേനയുടെ ചിത്രീകരണം വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ പൂര്‍ത്തിയായി. ‘പിതൃഹൃദയത്തോടെ’ എന്ന അപ്പൊസ്തലിക ലേഖനത്തിൽ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് റവ.ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ രചിച്ച നൊവേനയാണ് “കരുണയും കാവലും’’.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിർമാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യു സംവിധാനം നിര്‍വഹിച്ച “കരുണയും കാവലും’’ ജിഎംസിയുടെ ബാനറിൽ കെ.ജെ. മാത്യു കണിയാംപറമ്പിലാണ് നിർമിച്ചത്.
സാലി മൊയ്ദീന് (ഛായാഗ്രഹണം), ലിൻസൺ റാഫേൽ (എഡിറ്റിംഗ്), ജോസ് വരാപ്പുഴ (പ്രൊഡക്ഷൻ കൺട്രോളർ), ജേക്കബ് ആന്റണി (പ്രൊഡക്ഷൻ മാനേജർ), ജുബിൻ രാജ് (സൗണ്ട് ഡിസൈനർ), ഫ്രോളിന്‍ (അസോസിയേറ്റ് കാമറമാൻ)എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പള്ളി കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്മാന് മാത്യു ജോസഫ് കൂടല്ലി, ക്ലാര്‍ക്ക് ചാക്കപ്പന് പുല്ലരുത്തില്‍, കപ്യാര് ബേബി തെക്കേമുട്ടുമന, ഗായകന് ജോണി ഉണ്ണിത്തുരുത്തില്‍, കീ ബോര്‍ഡിസ്റ്റ് സിബി അടാത്തറ എന്നിവര്‍ ചിത്രീകരണ നിര്‍വഹണത്തിനു നേതൃത്വം നല്കി.
ഇടവകാംഗങ്ങളുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു ചിത്രീകരണം. ജനുവരി 23ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശേരി, കുടുംബയൂണിറ്റുകളുടെ വൈസ്ചെയര്‍മാൻ മാത്യു ജോസഫ് കൂടല്ലി എന്നിവര്‍ അറിയിച്ചു.