ചങ്ങനാശേരി അതിരൂപതയിലെ ഇടവകകളില്‍ പ്രത്യാശ ജ്യോതി പ്രയാണത്തിനു തുടക്കമായി
1591862
Monday, September 15, 2025 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ 250 ഇടവകകളില്‍ പ്രത്യാശ ജ്യോതി പ്രയാണത്തിനു തുടക്കമായി. ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാ ജൂബിലിയോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപനമായാണ് അതിരൂപതയില്‍ പ്രത്യാശ ജ്യോതി പ്രയാണം ആരംഭിച്ചത്.
സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ പ്രത്യാശ ജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്തു. ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ഷെറിന് കുറശേരി, ഫാ. സിറിള്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 30 വരെ തീയതികളില്‍ പ്രത്യാശ ജ്യോതി പ്രയാണം ഇടവകയിലെ 2000ത്തോളം ഭവനങ്ങളിലൂടെ കടന്നുപോകും.ഭവനങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, വചനസന്ദേശവും നടക്കും.
സമാപന ദിനമായ നവംബര്‍ 30 ഞായറാഴ്ച വൈകുന്നേരം ആറിന് വാര്ഡുതലതല ജ്യോതി പ്രയാണം റാലിയോടുകൂടി പള്ളി അങ്കണത്തില്‍ എത്തിച്ചേരുമ്പോള്‍ സമാപന കണ്‍വന്‍ഷനു തുടക്കംകുറിക്കും.
പ്രയാണം പാസ്റ്ററല്‍ സെന്റര്‍ വാര്‍ഡില്‍ ആരംഭിച്ചു. 28ന് അസംപ്ഷന്‍, ഒക്ടോബര്‍ 12 വാഴപ്പള്ളി, 19 ഗെത്സെമനി, 26 സസ്യമാര്‍ക്കറ്റ്, നവംബര്‍ രണ്ട് ഫിഷ് മാര്‍ക്കറ്റ്, ഒമ്പത് അങ്ങാടി, പോത്തോട് വാര്‍ഡുകള്‍, 16 കത്തീഡ്രല്‍, 23 വണ്ടിപ്പേട്ട, കാക്കാംതോട്, മഞ്ചാടിക്കര വാര്‍ഡുകള്‍, 30ന് മറ്റം പൂവക്കാട്ടുചിറ വാര്‍ഡുകളിലാണ് പ്രത്യാശ ജ്യോതി പ്രയാണം എത്തിച്ചേരുന്നത്.