കച്ചേരിക്കടവ് പുനരുദ്ധാരണം: സിപിഎം ജനകീയപ്രതിഷേധം ഇന്ന്
1591850
Monday, September 15, 2025 7:06 AM IST
കോട്ടയം: കച്ചേരിക്കടവ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നും പടിഞ്ഞാറുവശം ഭിത്തികെട്ടി ഉറപ്പിക്കണമെന്നും ഗതാഗതയോഗ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമായി. വാട്ടർഹബ് പദ്ധതി എന്ന പേരിൽ കോട്ടയം എംഎൽഎ നടത്തിയ അഴിമതിയാണ് കച്ചേരിക്കടവിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു.
എട്ടരക്കോടി രൂപ മുടക്കി പണിതെന്നു പറയുന്ന വാട്ടർ ഹബ് കാടുപിടിച്ച്, സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. കോടിമതയിലെ പുതിയ ബോട്ട് ജെട്ടിയിൽനിന്ന് കച്ചേരിക്കടവ് ബോട്ട് ജെട്ടി വരെ ആകർഷകമായ ലൈറ്റുകളിട്ടും തോടിന്റെ ഇരുവശവും ഭിത്തികൾ കെട്ടി ഉറപ്പിച്ച് മഴവിൽപാലം പണിതും കച്ചേരിക്കടവ് സൗന്ദര്യവത്കരിക്കുമെന്നായിരുന്നു എംഎൽഎയുടെ വാഗ്ദാനം. എന്നാൽ എട്ടരക്കോടി മുടക്കി എന്നുപറയുന്ന കച്ചേരിക്കടവ് ബോട്ട് ജെട്ടിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.
എംഎൽഎയുടെ ഇഷ്ടക്കാർക്കുവേണ്ടി തോടിന്റെ ഒരു വശം മാത്രം പണിതു റോഡ് ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് അസുഖങ്ങൾ പടരുകയാണെന്നും സിപിഎം ആരോപിച്ചു. കച്ചേരിക്കടവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് ബോട്ടുജെട്ടിക്കു സമീപം ജനകീയപ്രതിഷേധം സംഘടിപ്പിക്കും.
സിപിഎം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിലുള്ള ജനകീയ പ്രതിഷേധം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.