വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങാൻ അണമുറിയാതെ വിശ്വാസികൾ
1591636
Sunday, September 14, 2025 11:13 PM IST
കുറവിലങ്ങാട്: ഈശോമിശിഹാ മരണംവരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടനുബന്ധിച്ചാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്.
തിരുശേഷിപ്പ് പള്ളിയിലെ വടക്കേ സൈഡ് അൾത്താരയിലുള്ള മാർത്തോമ്മാ സ്ലീവാ പേടകത്തിൽനിന്ന് പുറത്തെടുക്കും മുമ്പേ വിശ്വാസികളാൽ പള്ളി നിറഞ്ഞിരുന്നു. ഒന്നര മണിക്കൂറോളമാണ് തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പള്ളിയിൽ പ്രതിഷ്ഠിച്ചത്.
പ്രത്യേക പ്രാർഥനകളോടെയാണ് തിരുശേഷിപ്പ് പുറത്തെടുത്ത് പ്രതിഷ്ഠിക്കുന്നതും തിരികെ പ്രതിഷ്ഠിക്കുന്നതും. മൂന്നുനോമ്പ് തിരുനാളിന്റെ ഒരു ദിനം മാത്രമാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിലും തിരുശേഷിപ്പ് പുറത്തെടുത്ത് പ്രതിഷ്ഠിക്കുന്നുണ്ട്. മൂന്നുനോമ്പ് തിരുനാളിലെ ചൊവ്വാഴ്ച, പത്താംതീയതി തിരുനാളിന്റെ രണ്ടാംദിനം, പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ എന്നീ പ്രദക്ഷിണങ്ങളിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കാറുണ്ട്. മറ്റു ദിവസങ്ങളിലെല്ലാം പ്രത്യേക പേടകത്തിൽ അതിപൂജ്യമായി സംരക്ഷിച്ചിരിക്കുകയാണ്.
പ്രാർഥനാശുശ്രൂഷകൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ എന്നിവർ കാർമികത്വം വഹിച്ചു.