കടലില്ലെങ്കിലും മലരിക്കലില്‍ വള്ളം റെഡി
1591852
Monday, September 15, 2025 7:06 AM IST
കോട്ടയം: കോട്ടയം ജില്ലയില്‍ കടലില്ലെങ്കിലും കടല്‍ വള്ളങ്ങള്‍ 200ലധികം ഉണ്ട്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ ഇറമ്പം പാടശേഖരത്തുള്ള ആമ്പല്‍ വസന്തം കാണാനെത്തുന്നവരെ 800 ഏക്കറോളം വ്യാപിച്ച വിശാലമായ ആമ്പല്‍ പാടത്തിനടുത്തേക്ക് കൊണ്ടുപോകുന്നത് കന്യാകുമാരിയില്‍നിന്നും മറ്റു മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നും എത്തിച്ച ഫൈബര്‍ വള്ളങ്ങളാണ്. 200 ലധികം ഫൈബര്‍ വള്ളങ്ങള്‍ ഇപ്പോള്‍ മലരിക്കലില്‍ സര്‍വീസ് നടത്തുന്നുണ്ട്.
നാടന്‍ വള്ളങ്ങളെ അപേക്ഷിച്ച് കടല്വള്ളങ്ങള് മറിയാനുള്ള സാധ്യത തീരെ കുറവാണ്. വീതിയേറിയ വള്ളത്തിലെ യാത്ര കൂടുതല്‍ സൗകര്യപ്രദമാണ്. പ്രത്യേകിച്ച് വള്ളത്തില്‍ യാത്ര ചെയ്യാത്തവര്‍ക്ക്. മാത്രമല്ല, ആഞ്ഞിലിത്തടിയില്‍ തീര്‍ത്ത നാടന്‍ വള്ളങ്ങളെക്കാള് തുഴയാനും ഫൈബര്‍ വള്ളങ്ങളിൽ എളുപ്പമാണ്.
മലരിക്കലിലെ ടൂറിസ്റ്റ് വള്ളങ്ങളുടെ ഉടമകള്‍ മിക്കവരും നെല്‍കര്‍ഷകര്‍ തന്നെയാണ് അവര്‍ക്ക് പാടത്തേക്കു വളവും, വിത്തു അടക്കം കാര്‍ഷിക ഉപകരണങ്ങളും തൊഴിലാളികളെയും കൊണ്ടുപോകാന്‍ വള്ളം കൂടിയേതീരൂ. ആ നിലയ്ക്ക് ഫൈബര്‍ വള്ളങ്ങള്‍ എല്ലാ അര്‍ഥത്തിലും ഉപകാരമാണ്. ഫൈബര്‍ വള്ളങ്ങള്‍ക്ക് തടിയില്‍ തീര്‍ത്ത നാടന്‍ വള്ളങ്ങളേക്കാള്‍ വിലയും കുറവാണ്. നാല്പതിനായിരം മുതലാണ് ഫൈബര്‍ വള്ളത്തിന്റെ വില.